ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡീപ്‌ഫേക്ക് വിഡിയോകൾക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. തന്റെ പേരും മുഖവും ദുരുപയോഗം ചെയ്ത് പ്രചരിക്കുന്ന അശ്ലീലവും വ്യാജവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ജാൻവി കപൂർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.  ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന തനിക്കെതിരായ ഇത്തരം വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നിർദേശം നൽകി. 

തന്റെ വ്യക്തിത്വത്തെയും സ്വകാര്യതയെയും ബാധിക്കുന്ന വിധത്തിൽ നിർമിച്ച ഉള്ളടക്കങ്ങൾ നിയമവിരുദ്ധമാണെന്ന് ജാൻവി ഹർജിയിൽ ചൂണ്ടിക്കാട്ടി. വ്യാജവും പോണോഗ്രാഫിക് സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന 5,000-ത്തോളം പേജുകൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഈ ഹർജി പരിശോധിച്ച് ഹൈക്കോടതി നടിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. ഇന്റർനെറ്റ് കമ്പനികൾക്ക് കൃത്യമായി നടപടിയെടുക്കാൻ സാധിക്കുന്ന തരത്തിൽ, ഈ 5,000 ലിങ്കുകളെ കൃത്യമായ ഒരു പട്ടികയാക്കി ചുരുക്കാൻ കോടതി നിർദേശിച്ചു. 

ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യയോ എഐയോ ഉപയോഗിച്ച് നിർമ്മിച്ച ലൈംഗികാധിക്ഷേപമുള്ള ദൃശ്യങ്ങള്‍, നടിയുടെ അനുമതിയില്ലാതെ അവരുടെ പേരും വ്യക്തിത്വവും ഉപയോഗിച്ച് പണമുണ്ടാക്കുന്ന അക്കൗണ്ടുകള്‍, ചാറ്റ്‌ബോട്ടുകൾ പോലുള്ള ഡിജിറ്റൽ ടൂളുകളും ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുന്നതിനായി നടിയുടെ പേരോ ചിത്രമോ ഉപയോഗിക്കുന്ന ലിങ്കുകൾ എന്നിയാണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. 

അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യം മുൻനിർത്തി, ഫാൻ പേജുകൾക്കും അശ്ലീലമല്ലാത്ത മീം അക്കൗണ്ടുകൾക്കുമെതിരെ മൊത്തത്തിലുള്ള നിരോധനം ഏർപ്പെടുത്താൻ കോടതി വിസമ്മതിച്ചു. പ്രശസ്തരായ വ്യക്തികൾ വിമർശനങ്ങൾക്കും ഹാസ്യാനുകരണങ്ങൾക്കും പ്രശംസകൾക്കും വിധേയരാകുന്നത് സ്വാഭാവികമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ അവകാശങ്ങളെയോ ക്രിയേറ്റർമാരെയോ ബാധിക്കാത്ത രീതിയിൽ സെലിബ്രിറ്റികളുടെ വ്യക്തിത്വ അവകാശങ്ങൾക്ക് വ്യക്തമായ അതിർവരമ്പുകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 17-ലേക്ക് മാറ്റി.

ENGLISH SUMMARY:

The Delhi High Court issued a crucial ruling in favor of Bollywood actress Janhvi Kapoor regarding deepfake and explicit content created using AI. Acting on her petition, the court ordered various internet platforms to remove thousands of unauthorized links and pages spreading fake and pornographic material featuring her likeness. While granting relief against malicious and unauthorized commercial uses of her personality, the court declined to impose a blanket ban on non-obscene fan pages and meme accounts in the name of freedom of expression. The bench emphasized the need for clear boundaries regarding celebrity personality rights without infringing upon common citizens' or creators' rights, scheduling the next hearing for August 17.