TAGS

  • ആഗസ്റ്റ് 14 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍റെ ഭഗമായി, ബിഹാറിലെ പട്നയിൽ നടത്തിയ സണ്ണി ഡിയോളിന്‍റെ സംഭാഷണമാണ് ചര്‍ച്ചയായിരിക്കുന്നത്

റിലീസിനൊരുങ്ങുന്ന 'ബട്വാര 1947' സിനിമയുടെ പ്രമോഷന്‍ വേളയില്‍ ബോളിവുഡ് താരം സണ്ണി ഡിയോള്‍ പറഞ്ഞ വാക്കുകള്‍ സൈബറിടത്ത് ചര്‍ച്ചയാകുന്നു. ഇന്ത്യ വിഭജന കാലത്തെ കഥ പറയുന്ന പീരിയഡ് ആക്ഷന്‍ ചിത്രത്തില്‍ സിക്കന്ദര്‍ മിര്‍സ എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തുന്നത്. എഴുത്തുകാരൻ അസ്ഗർ വജാഹത്തിന്റെ 'ജിസ് ലാഹോർ നഹി ദേഖ്യാ ഒ ജന്മ്യാ ഹീ നഹി' എന്ന പ്രശസ്തമായ നാടകത്തെ അടിസ്ഥാനമാക്കി  രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബട്വാര 1947. വിഭജനത്തിന്‍റെ ഇരകളായി മാറുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രം നടന്‍ അമീര്‍ ഖാനാണ് നിര്‍മിക്കുന്നത്. ആഗസ്റ്റ് 14 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍റെ ഭഗമായി, ബിഹാറിലെ പട്നയിൽ നടത്തിയ സണ്ണി ഡിയോളിന്‍റെ സംഭാഷണമാണ് ചര്‍ച്ചയായിരിക്കുന്നത്. 

പാകിസ്ഥാനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയപരമായ മറുപടി നൽകാൻ വിസമ്മതിച്ചുകൊണ്ടാണ് സണ്ണി ഡിയോള്‍ മറുപടി പറഞ്ഞത്. 'ഞങ്ങൾ അഭിനേതാക്കളാണ്, കഥകൾ പറയുന്നവരാണ്. ബട്വാര 1947 സിനിമ രാഷ്ട്രീയമായി കാണരുത്. വിഭജനത്തിന് മുൻപ് ഇരുരാജ്യങ്ങളും ഒന്നായിരുന്നു. അച്ഛൻ പറഞ്ഞതുപോലെ, ഇന്ത്യ അമ്മയാണെങ്കിൽ പാകിസ്ഥാൻ മാതൃസഹോദരി'. മുന്‍പ് നടന്‍ ധര്‍മ്മേന്ദ്ര ഇത്തരത്തില്‍ പറഞ്ഞത്  വിഭജനത്തിന് മുൻപ് ഇരുരാജ്യങ്ങളും ഒന്നായിരുന്നെന്ന് സൂചിപ്പിക്കാനായിരുന്നു.  

അന്നു മുതല്‍ പല ചര്‍ച്ചകളിലും പിന്നീട് ‌സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ധര്‍മ്മേന്ദ്രയുടെ വാക്കുകള്‍ ചര്‍ച്ചയാകാറുള്ളതാണ്. ഇന്ത്യയെ 'ഭാരതമാതാവ്'  എന്ന് വിശേഷിപ്പിക്കുമ്പോൾ, ചരിത്രപരമായും സാംസ്കാരികമായും ഇന്ത്യയുമായി വേർപിരിഞ്ഞുപോയ അയൽരാജ്യമായ പാകിസ്ഥാന്‍ 'അമ്മായി' എന്ന രീതിയിലാണ് ആളുകൾ തമാശയായി ഉപമിക്കാറുള്ളത്. ഇപ്പോള്‍ സണ്ണി ഡിയോളിന്റെ വാക്കുകള്‍ വീണ്ടും പല ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. 

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ചലച്ചിത്ര - സംഗീത രംഗത്തെ പ്രമുഖർ ഒത്തുചേർന്ന ഒരു വേദിയിലായിരുന്നു പാക്കിസ്ഥാനെ മാതൃസഹോദരിയായി ധർമേന്ദ്ര വിശേഷിപ്പിച്ചത്. കലാകാരന്മാർ തമ്മിലുള്ള സൗഹൃദവും സമാധാനവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആ ചടങ്ങ്. "ഹിന്ദുസ്ഥാൻ എന്‍റെ അമ്മയാണെങ്കിൽ, പാകിസ്ഥാൻ എന്‍റെ മാതൃസഹോദരിയാണ്. ഈ രണ്ട് അമ്മമാരും പരസ്പരം കെട്ടിപ്പിടിക്കുകയാണെങ്കിൽ, നമ്മൾ മക്കൾക്ക് അത് എത്രമാത്രം സമാധാനവും സന്തോഷവും നൽകുമെന്ന് ആലോചിച്ചു നോക്കൂ. നാമെല്ലാവരും വീണ്ടും ഒന്നാകാൻ വേണ്ടി നിങ്ങൾ അല്ലാഹുവോടും ഭഗവാനോടും വാഹേഗുരുവിനോടും പ്രാർത്ഥിക്കൂ", ധര്‍മ്മേന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

ധർമേന്ദ്രയുടെ വാക്കുകൾക്ക് പിന്നിൽ വൈകാരിക ബന്ധം കൂടിയുണ്ടായിരുന്നു. ഇന്ത്യ – പാക് വിഭജനത്തിന് മുൻപ് പഞ്ചാബിൽ ജനിച്ചു വളർന്ന ധർമേന്ദ്രയ്ക്ക് പാകിസ്ഥാനിലുള്ള പല പ്രദേശങ്ങളുമായും അവിടുത്തെ ജനങ്ങളുമായും വലിയ ആത്മബന്ധമുണ്ടായിരുന്നു. സിനിമാ താരം ആയതിനു ശേഷം പാകിസ്ഥാനിൽ അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു. അതിർത്തികൾക്കപ്പുറമുള്ള ആളുകളോട് ധര്‍മ്മേന്ദ്രയ്ക്ക് എപ്പോഴും വലിയ സ്നേഹമുണ്ടായിരുന്നു.

കാലങ്ങള്‍ക്കിപ്പുറം മകന്‍ ഇതേ വാക്കുകള്‍ ഓർമ്മിപ്പിച്ചതോടെയാണ് ധര്‍മ്മേന്ദ്രയുടെ വാക്കുകള്‍ വീണ്ടും വാർത്തകളിൽ സജീവമായത്. എന്നാല്‍, 'ഗദർ' പോലുള്ള സിനിമകളിൽ പാകിസ്ഥാനെതിരെ അതിശക്തമായ ദേശഭക്തി വേഷങ്ങൾ ചെയ്ത സണ്ണി ഡിയോളിൽ നിന്ന് ഇത്തരം ഒരു മൃദുസമീപനം പ്രതീക്ഷിച്ചില്ലെന്ന്  വിമർശനം ഉയര്‍ന്നു കഴിഞ്ഞു. അതിർത്തിയിലെ ഭീകരവാദവും രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഇത്തരം ഉപമകൾ ശരിയല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. അതേ  സമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെയും മാനുഷിക വികാരങ്ങളെയും മുൻനിർത്തിയാണ് സണ്ണി ഡിയോള്‍  ഇങ്ങനെ പറഞ്ഞതെന്ന് ഒരു വിഭാഗം പിന്തുണക്കുന്നുണ്ട്.

ENGLISH SUMMARY:

Sunny Deol's recent statement comparing India to a mother and Pakistan to a maternal aunt during the promotion of his film 'Butwara 1947' has sparked widespread discussion. His father Dharmendra had previously shared a similar sentiment, highlighting the deep historical and cultural ties between the two nations.