കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ചെത്തിയ 'ഉന്മാദം' തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രം ഷെല്ലിയുടെ രണ്ട് വേഷപ്പകർച്ചകളാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. ചിത്രത്തിലെ മറ്റ് നാല് കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും പോസ്റ്ററിൽ ഉൾച്ചേർത്തിട്ടുണ്ട്.
സത്യമേത്? മിഥ്യയേത്? എന്ന ചോദ്യവും അതിനിടകലർന്ന് വരുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും ജ്യോതിഷ സംബന്ധമായ ഇടപെടലുകളുമൊക്കെയാണ് ഈ സംഭാഷണങ്ങളിൽ നിന്ന് വായിച്ചെടുക്കാനാകുന്നതെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍റെ ഷെല്ലി പോലീസ് യൂണിഫോമിലും സാധാരണക്കാരനായുമാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ഒരു മനുഷ്യ മനസിന്‍റെയുള്ളിൽ തന്നെയുള്ള വിശ്വാസവും അന്ധ വിശ്വാസവും യുക്തിയുമൊക്കെ ഡീകോഡ് ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വലിയ രീതിയിൽ ഈ പോസ്റ്റർ എങ്ങും ചർച്ചയായി കഴിഞ്ഞു.
മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മനുഷ്യരുടെ നിഗൂഢമായ മാനസിക വ്യാപാരങ്ങളും അതീന്ദ്രിയ കാഴ്ചകളുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് തിയേറ്റർ ടോക്ക്. ഉള്ളിൽ സിനിമയെ സ്നേഹിക്കുന്ന എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ഷെല്ലി എന്ന പോലീസുകാരനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ഷാഹി കബീറിന്‍റെ അളന്നുമുറിച്ച തിരക്കഥയെ സംവിധായകന്‍ കിരൺ ദാസ് ഏറെ നന്നായി കൈയ്യടക്കത്തോടെ തിരശീലയിൽ എത്തിച്ചിരിക്കുന്നുവെന്നും ഏവരും അഭിപ്രായപ്പെടുന്നുണ്ട്.
പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ്. ദേശീയ പുരസ്കാര ജേതാവുകൂടിയായ ഷാഹി കബീർ നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിജോയ് വർഗീസ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം അർജുൻ സേതുവും സംഗീത സംവിധാനം മുജീബ് മജീദും നിര്‍വഹിക്കുന്നു. സംവിധായകന്‍ കിരൺ ദാസാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്.