അന്തരിച്ച സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ അനശ്വര ഓർമകൾക്ക് സംഗീത സാന്ദ്രമായ ആദരവുമായി കൊച്ചിയിൽ 'ഘനശ്യാമ സന്ധ്യ'. എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ഗായകരും സംഗീതജ്ഞരും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എം.ജി. രാധാകൃഷ്ണന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനങ്ങളും ഓർമകളും നിറഞ്ഞ സന്ധ്യയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. എം.ജി. രാധാകൃഷ്ണന്റെ സഹോദരിയും സംഗീതജ്ഞയുമായ ഡോ. കെ. ഓമനക്കുട്ടി, സഹോദരനും ഗായകനുമായ എം.ജി. ശ്രീകുമാർ, മകനും സൗണ്ട് ഡിസൈനറുമായ എം.ആർ. രാജകൃഷ്ണൻ എന്നിവർ ഓർമകൾ പങ്കുവെച്ചാണ് പരിപാടിക്ക് തുടക്കമായത്.
ഗായകൻ എന്ന നിലയിൽ തനിക്ക് ലഭിച്ച നേട്ടങ്ങളിൽ വലിയ പങ്കും 14 വർഷത്തോളം സഹോദരൻ എം.ജി. രാധാകൃഷ്ണനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവമാണെന്ന് എം.ജി. ശ്രീകുമാർ പറഞ്ഞു. എം.ജി. രാധാകൃഷ്ണൻ ആദ്യമായി പാടി പഠിപ്പിച്ച ഗാനം ആലപിച്ച് ഗായിക മഞ്ജരി വേദിയിലെത്തി. സംഗീത സംവിധായകൻ ശരത്ത്, ഗായകരായ കെ.എസ്. ഹരിശങ്കർ, ശ്രീറാം, രവിശങ്കർ, പ്രീത എന്നിവരും അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു.
എം.ജി. രാധാകൃഷ്ണൻ അന്തരിച്ച് 16 വർഷം പൂർത്തിയാകുന്ന വേളയിലാണ് ആദ്യമായി എറണാകുളത്ത് 'ഘനശ്യാമ സന്ധ്യ' സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ പരിപാടി തിരുവനന്തപുരത്തായിരുന്നു നടന്നിരുന്നത്.