unmadham-movie-release

TOPICS COVERED

നായാട്ട്,  ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഉന്മാദം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി  ഒന്നിക്കുന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 'അകലെ...', 'എറുന്നോ...' എന്നീ ഗാനങ്ങൾ  ഒരുക്കിയിരിക്കുന്നത് മമ്മൂട്ടി ചിത്രം കളങ്കാവിലൂടെ തരംഗമായ മുജീബ് മജീദാണ്. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്കാരം സ്വന്തമാക്കിയ കിരൺ ദാസ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഉന്മാദം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ചത് കിരണ്‍ ദാസാണ്. സംവിധാനത്തിനൊപ്പം ഉന്മാദത്തിന്‍റെ എഡിറ്റിംഗും കിരണ്‍ ദാസ് നിര്‍വഹിക്കുന്നു.

 

വേറിട്ടൊരു പോലീസ് കഥാപാത്രമാണ് ഉന്മാദത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നതെന്ന സൂചന നൽകിയാണ് ട്രെയിലര്‍ എത്തിയത്. ഷെല്ലി എന്ന പൊലീസ് കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ഭാര്യ റോളിലാണ് ലിജോ മോള്‍ ജോസ് എത്തുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട്, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു കേസ് ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവ് ഷാഹി കബീറും കുഞ്ചാക്കോ ബോബനും മൂന്നാമതും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉന്മാദത്തിനുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന ട്രാക്കില്‍ നിന്നും മാറി മിസ്ട്രി ഹൊറര്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ഇക്കുറി ഷാഹി കബീര്‍ എഴുതിയിരിക്കുന്നത്.  

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിരയാണ്  ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ 'ഉന്മാദം' ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നി‍മിക്കുന്ന ചിത്രത്തിന്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം: അർജുൻ സേതവും നിര്‍വഹിച്ചിരിക്കുന്നു. 

തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ മുൻ സിനിമകൾ പോലെ ഡാർക്ക് മൂഡിൽ കഥ പറയുന്ന ചിത്രമായിരിക്കില്ല, എന്നാൽ സസ്‌പെൻസും സൂപ്പർനാച്ചുറൽ എലമെന്‍സുമുള്ള ചിത്രമായിരിക്കും ഉന്മാദം എന്നാണ് സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.