മെസ്സേജ് അയക്കുമ്പോള്‍ 'ഹോ ഈ ഇമോജി ഇല്ലായിരുന്നെങ്കില്‍ എന്തുചെയതേനെ...' എന്ന് ചിന്തിച്ചിട്ടില്ലേ പലവട്ടം. എതിരെ നില്‍ക്കുന്ന ആള്‍ക്ക് നമ്മുടെ വികാരം മനസ്സിലാക്കി കൊടുക്കാന്‍ ഒരു ചിരിക്കുന്ന മുഖമോ, ഒരു ചുവന്ന ഹൃദയമോ, കൈയടിക്കുന്ന ഒരു ഇമോജിയോ ഒക്കെ മതിയല്ലേ. ഇമോജകള്‍ കൊണ്ട് മാത്രം സംസാരിക്കുന്നവരും ഉണ്ട്. പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഒരു നിമിഷം കൊണ്ട് മറ്റൊരാളിലേയ്ക്ക് എത്തിക്കാൻ. ഭാഷയും രാജ്യവും സംസ്കാരവും മറികടന്ന് മനുഷ്യരുടെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമായ ഇമോജികൾ, ഡിജിറ്റൽ ലോകത്തിന്റെ സ്വന്തം ഭാഷയായി മാറാന്‍ അവര്‍ക്ക് ഏറെ സമയമെടുത്തുമില്ല.
പക്ഷേ, ഇന്ന് കോടിക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന ഈ ചെറിയ ചിത്രങ്ങൾക്ക് തുടക്കമിട്ടത് ആരാണെന്നും എങ്ങനെയാണെന്നും എത്രപേർക്കറിയാം?
ജപ്പാനിൽ ജനിച്ച ആശയം
1999-ൽ ജപ്പാനിലെ ഡിസൈനറായ ഷിഗെറ്റാക കുരിത (Shigetaka Kurita)യാണ് ആദ്യമായി ഇമോജികൾ രൂപകൽപ്പന ചെയ്തത്. അന്നത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ ലളിതവും വേഗതയാർന്നതും ദൃശ്യപരമായി എളുപ്പം മനസ്സിലാക്കാവുന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ ശ്രമം.
അക്കാലത്ത് ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പരിമിതികളുണ്ടായിരുന്നതിനാൽ, ചെറിയ ചിത്രങ്ങളിലൂടെ കൂടുതൽ ആശയങ്ങൾ കൈമാറാൻ കഴിയുന്ന ഒരു സംവിധാനമാണ് അദ്ദേഹം വികസിപ്പിച്ചത്. പിന്നീട് അതാണ് ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഇമോജികളായി മാറുകയായിരുന്നു.
'ഇമോജി' എന്നാല്‍ എന്ത്?
'ഇമോജി' എന്ന വാക്ക് ഇംഗ്ലീഷിലെ Emotion എന്നതിൽ നിന്നല്ല വന്നത് എന്നതാണ് കൗതുകകരമായ കാര്യം. ജാപ്പനീസ് ഭാഷയിലെ 'ഇ' (ചിത്രം), 'മോജി' (അക്ഷരം) എന്നീ വാക്കുകൾ ചേർന്നാണ് Emoji എന്ന പേര് രൂപപ്പെട്ടത്. അതായത്, "ചിത്ര അക്ഷരം" എന്നതാണ് ഇതിന്റെ യഥാർഥ അർഥം.
വെറും 176 ചിത്രങ്ങളിൽ നിന്ന് ആയിരങ്ങളിലേയ്ക്ക്
ഇന്ന് എല്ലാ സ്മാർട്ട്ഫോണുകളിലും ആയിരക്കണക്കിന് ഇമോജികൾ ലഭ്യമാണെങ്കിലും തുടക്കത്തിൽ ഷിഗെറ്റാക കുരിത രൂപകൽപ്പന ചെയ്തത് വെറും 176 ഇമോജികളായിരുന്നു. ഓരോന്നും 12×12 പിക്സൽ മാത്രം വലിപ്പമുള്ളവ. കാലാവസ്ഥ, ഗതാഗതം, ദിശാസൂചനകൾ, സമയസൂചനകൾ, ഹൃദയം, പുഞ്ചിരി തുടങ്ങിയ അടിസ്ഥാന വിവരങ്ങളും വികാരങ്ങളും വളരെ ലളിതമായി അവതരിപ്പിക്കാനായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ലോകം മുഴുവൻ ഏറ്റെടുത്ത ഡിജിറ്റൽ ഭാഷ
2010-ൽ ഇമോജികൾ യൂണിക്കോഡ് സ്റ്റാൻഡേർഡിന്റെ ഭാഗമായി ഉൾപ്പെടുത്തിയതോടെ വിവിധ കമ്പനികളുടെ ഉപകരണങ്ങളിൽ ഒരേ ഇമോജികൾ ഉപയോഗിക്കാൻ സാധിച്ചു. തുടർന്ന് ആപ്പിളും ഗൂഗിളും തങ്ങളുടെ കീബോർഡുകളിൽ ഇമോജി പിന്തുണ നൽകിയതോടെ അവയുടെ ജനപ്രീതി അതിവേഗം വളർന്നു.
ഇന്ന് വാട്ട്‌സ്ആപ്പിലോ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ എക്‌സിലോ ഒരു സന്ദേശം അയക്കുമ്പോൾ ഇമോജി ചേർക്കാത്തവർ വളരെ വിരളമാണ്. വ്യക്തിപരമായ സംഭാഷണങ്ങളിൽ മാത്രമല്ല, ബ്രാൻഡുകളും സ്ഥാപനങ്ങളും വാർത്താമാധ്യമങ്ങളും വരെ ഇമോജികൾ ഉപയോഗിച്ച് ആശയവിനിമയം കൂടുതൽ ആകർഷകമാക്കുകയാണ്. ഡിജിറ്റൽ ലോകത്ത് ചിലപ്പോൾ ഒരു ഇമോജി പറയുന്ന കാര്യം നൂറ് വാക്കുകൾക്കും പറയാനാകില്ല എന്നതാണ് ഈ ചെറിയ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.