സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ പ്രസംഗം. ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രം 'വിസിറ്ററി'ന്‍റെ പ്രമോഷൻ ചടങ്ങിലാണ് താരം സഹപ്രവര്‍ത്തകരെ പറ്റി രസകരമായ കാര്യങ്ങള്‍ പങ്കുവച്ചത്. മേജർ രവിയുടെ നിർബന്ധപ്രകാരം മലയാള ചിത്രം ‘സ്പാ’കണ്ട അനുഭവവും ഇതിനിടയ്ക്ക് ധ്യാൻ പങ്കുവച്ചിരുന്നു. പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റിയെന്ന് താരം പറയുന്നു
‘കഴിഞ്ഞ ദിവസം ഒരു സിനിമ കാണുകയുണ്ടായി. എനിക്ക് വ്യക്തിപരമായി വലിയ അറിവില്ലാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ ആ ചിത്രം സഹായിച്ചു. എന്‍റെ ദുഃഖത്തിലും സന്തോഷത്തിലും എന്നും കൂടെയുണ്ടായിരുന്ന ഒരാളുടെ സിനിമായാണ് അത്. ആ സിനിമ ‘സ്പാ’, അതിൽ അഭിനയിച്ചത് മേജർ രവി.
ആ സിനിമ കുടുംബത്തോടൊപ്പം കാണണം എന്ന് എന്നോട് നിർബന്ധിച്ചു പറഞ്ഞു. ഞാൻ കുടുംബത്തോടൊപ്പം ഇരുന്നു ആ പടം കണ്ടു തുടങ്ങി. അറിയാത്തതും അറിയുന്നതുമായ പല കാര്യങ്ങളും അതിൽ നിന്ന് മനസ്സിലാക്കി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ തിയറ്ററിൽ ഞാൻ കണ്ട ഏറ്റവും മാസ്സ് ആയ ഒരു ഇൻട്രോ അല്ലെങ്കിൽ എൻട്രി ആ സിനിമയിലായിരുന്നു.
‘മൈനർ'മാരെക്കുറിച്ച് പറയുന്ന ആ രംഗത്തിൽ, ഒരു വെടിയൊച്ചയോടു കൂടിയുള്ള മേജർ അങ്കിളിന്‍റെ എൻട്രി ഉണ്ടായിരുന്നു അത് ഗംഭീരമായിരുന്നു. തിയറ്ററിലിരുന്നായിരുന്നെങ്കിൽ ഞാൻ എഴുന്നേറ്റ് കയ്യടിച്ചുപോയേനെ. നിർബന്ധിച്ചു കാണിച്ചതുകൊണ്ട് ഞാനിത് പറഞ്ഞെ പറ്റൂ. അദ്ദേഹം ഇവിടെ വന്നതിലും വലിയ സന്തോഷമുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും പടം കണ്ടിട്ടുണ്ട്, ഒരു ഹാപ്പി എൻഡിങ്ങിന്‍റെ ഒരു സന്തോഷമുണ്ട്,' ധ്യാന്‍ പറഞ്ഞു.
നടൻ റോണി വർഗീസിന്റെ ടി-ഷർട്ടിനെക്കുറിച്ചും ധ്യാൻ തമാശ പങ്കുവെച്ചു. റോണി ധരിച്ചിരുന്ന 'S' അക്ഷരമുള്ള ടി-ഷർട്ട് കണ്ട് അത് 'സൂപ്പർമാൻ' ആണെന്ന് ആരും കരുതരുതെന്നും, അത് നടി ശ്വേത മേനോനെ സൂചിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് അദ്ദേഹം ചിരിപടർത്തിയത്. നടി നവ്യ നായരെ കുറിച്ചുമുണ്ടായിരുന്നു കമന്‍റ്. 'എന്റെ ഇന്റർവ്യൂ കരിയർ തുടങ്ങിയത് തന്നെ നവ്യ നായരെ കുറിച്ച് പറഞ്ഞാണ്. ഞാൻ ഒരിക്കൽ മുഖ്യമന്ത്രിയായാൽ സാരിയുടുത്ത് കണ്ണ് നനച്ച് നവ്യ നായർ എന്റെ മുന്നിലുണ്ടാകണം,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.