അജു വര്‍ഗീസാണ് അമ്മയിലെ പവര്‍ഗ്രൂപ്പ്, അവനടങ്ങിയ ഗ്രൂപ്പാണ് അമ്മയുടെ പ്രസിഡന്‍റ് ആകാന്‍ എന്നോട് പറഞ്ഞതെന്ന് ധ്യാന്‍ ശ്രീനിവാസന്‍.  ഉർവശി,ധ്യാൻ ശ്രീനിവാസൻ, നവ്യ നായർ എന്നിവർ ആദ്യമായി ഒന്നിക്കുന്ന 'വിസിറ്റർ' സിനിമയുടെ സ്വിച്ച് ഓൺ കര്‍മ്മത്തിനെത്തിയപ്പോള്‍ നടത്തിയ ഈ  പുതിയ വെളിപ്പെടുത്തലായിരിക്കും ഇനി സോഷ്യല്‍ മീഡിയ ഇളക്കി മറിക്കാന്‍ പോകുന്നത്.  

അഭിമുഖങ്ങളിലെ തുറന്നുപറച്ചിലിലൂടെ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ ഇക്കുറിയും രസകരമായ അനുഭവങ്ങൾ പങ്കുവെച്ചാണ്   ക്യാമറയ്ക്കുമുന്നില്‍ എത്തിയിരിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കളെയും 'അമ്മ' സംഘടനയെയും കുറിച്ച് ധ്യാന്‍ ഒട്ടേറെ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്.

'അമ്മ' സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കണമെന്ന നിർദേശം നടൻ അജു വർഗീസിൽ നിന്നുണ്ടായിരുന്നുവെന്ന് ധ്യാൻ പറഞ്ഞു. അജു വർഗീസിന്റെ നേതൃത്വത്തിലുള്ള "പവർ ഗ്രൂപ്പ്" തന്നെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദേശിച്ചെന്നാണ് തമാശയോടെ ധ്യാൻ പറഞ്ഞത്.

എന്നാൽ, ഒരിക്കലും 'അമ്മ'യുടെ പ്രസിഡന്റ് ആകരുതെന്നാണ് എന്‍റെ സ്വന്തം അമ്മ നൽകിയ ഉപദേശമെന്നും ധ്യാന്‍ വെളിപ്പെടുത്തി. "ആ സ്ഥാനത്തിരിക്കണമെങ്കിൽ ചില കാര്യങ്ങളോട് കണ്ണടയ്ക്കേണ്ടി വരും. അത് നിനക്ക് പറ്റില്ല. സ്ട്രെയിറ്റ് ഫോർവേഡ് സ്വഭാവമുള്ളവർക്ക് ആ സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടാണ്," എന്നാണ് അമ്മ പറഞ്ഞതെന്ന് ധ്യാൻ വ്യക്തമാക്കി.

അഭിമുഖത്തിനിടെ നടൻ റോണി വർഗീസിന്റെ ടി-ഷർട്ടിനെക്കുറിച്ചും ധ്യാൻ തമാശ പങ്കുവെച്ചു. റോണി ധരിച്ചിരുന്ന 'S' അക്ഷരമുള്ള ടി-ഷർട്ട് കണ്ട് അത് 'സൂപ്പർമാൻ' ആണെന്ന് ആരും കരുതരുതെന്നും, അത് നടി ശ്വേത മേനോനെ സൂചിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് അദ്ദേഹം ചിരിപടർത്തിയത്.

നടി നവ്യ നായരെ കുറിച്ചുമുണ്ടായിരുന്നു കമന്‍റ്.  "എന്റെ ഇന്റർവ്യൂ കരിയർ തുടങ്ങിയത് തന്നെ നവ്യ നായരെ കുറിച്ച് പറഞ്ഞാണ്. ഞാൻ ഒരിക്കൽ മുഖ്യമന്ത്രിയായാൽ സാരിയുടുത്ത് കണ്ണ് നനച്ച് നവ്യ നായർ എന്റെ മുന്നിലുണ്ടാകണം," എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ പ്രതികരണം. മേജർ രവി തന്റെ SPA സിനിമ കാണാൻ നിർബന്ധിച്ച അനുഭവവും ധ്യാൻ വേദിയില്‍ പങ്കുവെച്ചു. 

ENGLISH SUMMARY:

Dhyan Sreenivasan's recent revelation about Aju Varghese's "power group" suggesting him for the AMMA president position has taken social media by storm. He also shared humorous anecdotes about his mother's advice and fellow actors during the 'Visitor' movie's switch-on ceremony.