ബേസില്‍ ജോസഫിന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ അല്ലു അര്‍ജുനോ? മലയാളികള്‍ ഒന്നടങ്കം ആ ഉത്തരത്തിനായി കാത്തിരിക്കുകയാണ്. വലിയ ഫാന്‍ ബേസുള്ള ബേസില്‍ ജോസഫെന്ന നടനും സംവിധായകനും മലയാളികള്‍ക്ക് ഏറെ പ്രിയമുള്ളതാണ്. അല്ലു അര്‍ജുന്‍ എന്നാല്‍ മലയാളികളുടെ മല്ലു അര്‍ജുന്‍ ആണ്. ഇരുവരും ഒന്നിക്കുന്നുവെന്നാല്‍ അതിന്‍റെ ഫാന്‍ ലെവല്‍ ഏത് രീതിയിലാണെന്ന് പറയേണ്ടതില്ലല്ലോ...

ബേസിലും അല്ലു അർജുനും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തയ്ക്ക് വീണ്ടും ചൂടേറുകയാണ്. ഏറെ നാളുകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്ന തരത്തിലുള്ള ബേസിൽ ജോസഫിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

'ഐക്കൺ' എന്ന് എഴുതിയിരിക്കുന്ന ഒരു തൊപ്പിയുടെ ചിത്രമാണ് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതേ ചിത്രം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. അതിലെന്താ ഇത്ര ആകാംക്ഷ എന്നല്ലേ....? സ്റ്റോറിക്ക് പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത് അല്ലു അർജുൻ നായകനായ 'ആര്യ 2' എന്ന ചിത്രത്തിലെ ഗാനമാണ് എന്നതാണ് ഒരു പ്രത്യേകത. 

ബേസിലിന്റെ ഈ പോസ്റ്റിനെ തുടർന്നാണ് അല്ലു അർജുനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. പ്രത്യേകിച്ച് അല്ലു അർജുൻ ആരാധകർ ഈ പോസ്റ്റിനെ പുതിയ ചിത്രത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നതും.

ബേസിലിന്റെ പോസ്റ്റ് മലയാളി പ്രേക്ഷകർക്കിടയിൽ മാത്രമല്ല, തെലുങ്ക് സിനിമാപ്രേമികൾക്കിടയിലും വളരെ ശ്രദ്ധനേടിക്കഴിഞ്ഞു. അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് ഒരു പാൻ-ഇന്ത്യൻ ചിത്രം ഒരുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ പോസ്റ്റ് എത്തിയതോടെ ആരാധകര്‍ അതിയായ പ്രതീക്ഷയിലാണ്.  

ENGLISH SUMMARY:

Allu Arjun's potential collaboration with Basil Joseph is creating significant buzz, with fans eagerly awaiting official confirmation of a pan-Indian film. A recent Instagram post by Basil Joseph, featuring a cap with 'Icon' and a song from Allu Arjun's 'Arya 2' as background music, has fueled speculation and excitement among both Malayalam and Telugu cinema enthusiasts.