jana-nayagan-sigma

വിജയ്‌ ചിത്രം 'ജന നായകന്റെ' റിലീസ് ഈ മാസം ഉണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ്‌യുടെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നു. ജെയ്‌സണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന തമിഴ് – തെലുഗു ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചെന്നാണ് വിവരം. ഈ മാസം 31 ന് ആയിരുന്നു 'സിഗ്മ'യുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായിരുന്നു. ഇതിനിടെയാണ് 'ജന നായകന്റെ' റിലീസ് ഈമാസമെന്ന റിപ്പോര്‍ട്ട് വരുന്നത്. വിജയ്‌യുടെ അവസാന ചിത്രം കൂടിയായ 'ജനനായകന്‍' റിലീസിന് പിന്നാലെ 'സിഗ്മ' റിലീസ് ചെയ്താല്‍  നഷ്ടം ഉണ്ടാകുമെന്ന് കണക്കുകൂട്ടിയാണ് റീലിസ് നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. 'ജന നായകന്‍' വന്നാല്‍ 'സിഗ്മ'യുടെ പ്രദര്‍ശനത്തിന് തിയറ്ററുകള്‍ കുറയുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 

 

നേരത്തെ അച്ഛന്റെയും മകന്റെയും സിനിമ ക്ലാഷ് റിലീസായി വരുമെന്ന പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു.  വിജയ്‌യുടെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ സിഗ്മയുടെ റിലീസിനും ആരാധകര്‍ കാത്തിരിക്കുകയാണ്. സുദീപ് കിഷന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം തമനാണ്. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്തേക്കും. 

 

ഏറെ വിവാദങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ 'ജനനായകന്‍' തിയറ്ററുകളിലേക്ക് എത്താന്‍ റെഡിയായി നില്‍ക്കുകയാണ്. ചിത്രത്തിന് സെന്‍സറിങ് പൂര്‍ത്തിയായെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും കഴിഞ്ഞ ദിവസമാണ് 'ജനനായകന്റെ' നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഈമാസം 24 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

ചിത്രത്തിന്റെ കാനഡയിലെ വിതരണക്കാരായ യോക് സിനിമാസ് ആണ് 24 ന് കാനഡയില്‍ റിലീസ് ചെയ്യുമെന്ന് കാണിച്ച് എക്സ് പോസ്റ്റ് ഇട്ടത്. ഇപ്പോള്‍ തെലങ്കാനയിലും റിലീസ് അന്നുതന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പക്ഷെ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് ഇതുവരെ റിലീസിന്റെ കാര്യത്തില്‍ പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സെന്‍സറിങ് പൂര്‍ത്തിയായെന്ന 'ജന നായകന്റെ' പോസ്റ്റര്‍ മുഖ്യമന്ത്രി വിജയ്‌യും പങ്കുവച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ വരവ് ഉറപ്പിച്ച ആരാധകര്‍ വന്‍ ആവേശത്തിലാണ്. പല വിതരണക്കാരും ചിത്രത്തിന്റെ റിലീസ് പോസ്റ്ററുകള്‍ അടിച്ചുകഴി‍ഞ്ഞെന്നാണ് വിവരം.

 

ENGLISH SUMMARY:

Vijay movie Jananayagan's rumored release this month has led to the postponement of Jason Sanjay's directorial debut, Sigma. The decision to delay Sigma's release is likely to avoid a clash with Vijay's film, which could impact its box office performance.