കരിയറിന്‍റെ തുടക്കത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ പറ്റി തുറന്നുസംസാരിച്ച് നടന്‍ വിഷ്ണു വിശാല്‍. ആദ്യസിനിമ റിലീസായത് ശേഷം ക്ഷണിക്കപ്പെട്ട വേദിയില്‍ താന്‍ അപമാനിതനായി എന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. പിന്നിലെ നിരയിലേക്ക് തന്നെ മാറ്റി ഇരുത്തി, സംസാരിക്കാന്‍ അവസരം തന്നില്ലെന്നും എസ്എസ് മ്യൂസികിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു വിശാല്‍ പറഞ്ഞു.
'ആദ്യസിനിമ റിലീസായതിന് ശേഷം എന്നെ ഒരു ഓഡിയോ ലോഞ്ചിന് വിളിച്ചു. വേദിയില്‍ ആദ്യ നിരയില്‍ തന്നെ ഇരുത്തി. എനിക്ക് അഭിമാനം തോന്നി. അപ്പോള്‍ ഒരാള്‍ വന്നു, രണ്ടാമത്തെ റോയില്‍ ഇരിക്കാമോ എന്ന് ചോദിച്ചു. കുഴപ്പവില്ല, ഞാന്‍ രണ്ടാമത്തെ നിരയില്‍ ഇരുന്നു. മാറ്റൊരാള്‍ വീണ്ടും വന്നപ്പോള്‍ മൂന്നാം നിരയിലേക്ക് മാറാമോ എന്ന് ചോദിച്ചു, അപ്പോള്‍ ഞാന്‍ മൂന്നാം നിരയിലേക്ക് മാറി. അതിനുശേഷം എല്ലാവരും മൈക്കില്‍ വന്ന് സംസാരിച്ചു. ഒടുവില്‍ എന്നേയും വിളിച്ചു. ആ സമയത്ത് ഒരാള്‍ അടുത്തേക്ക് വന്നു കാതില്‍ പറഞ്ഞു, സമയമില്ല, നിങ്ങള്‍ക്ക് സംസാരിക്കാതിരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ചോദിച്ചു, കുഴപ്പവില്ല സംസാരിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. നമ്മുടെ യാത്രകള്‍ അങ്ങനെയാണ്, അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നെത്തന്നെ പുഷ് ചെയ്യില്ലായിരുന്നു.
ആദ്യത്തെ സിനിമ ഇറങ്ങിയപ്പോള്‍ അവാര്‍ഡ് ഉണ്ടെന്ന് പറഞ്ഞ് ഒരു ചാനല്‍ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് തന്നെയാണ് അവാര്‍ഡെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ആദ്യചിത്രത്തിന് തന്നെ അവാര്‍ഡ്, എനിക്ക് ഭയങ്കര സന്തോഷമായി. വീട്ടുകാരോടും ബന്ധുക്കളോടുമെല്ലാം പറഞ്ഞു. നാളെ ഇന്‍വിറ്റേഷന്‍ തരുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ പിറ്റേന്നും അതിന്‍റെ പിറ്റേന്നുമൊന്നും ആരും എന്നെ ക്ഷണിച്ചില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു. റെഡിയായിക്കൊണ്ടിരിക്കുകയാണ് സാര്‍, നാളെ ഇന്‍വിറ്റേഷന്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ പിറ്റേന്ന് ആരുമെന്നെ വിളിച്ചില്ല.
അവാര്‍ഡ് പരിപാടിക്ക് രണ്ടുമൂന്ന് ദിവസം കൂടിയേയുള്ളൂ. ആരും വിളിച്ചില്ല. എന്നാല്‍ ആ അവാര്‍ഡ് മറ്റാര്‍ക്കോ കൊടുത്തുവെന്ന് പിന്നീട് ഞാനറിഞ്ഞു. കാരണം ആ നടന്‍റെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് അവര്‍ക്ക് ലഭിച്ചിരുന്നു. പിന്നീടിന്നുവരെ ഞാന്‍ ഒരു അവാര്‍ഡ് പരിപാടിക്കും പോയിട്ടില്ല. ആരെങ്കിലും വിളിച്ചാലും പോവില്ല. എനിക്ക് അര്‍ഹതപ്പെട്ട അവാര്‍ഡാണെന്ന് തോന്നിയാല്‍ മാത്രം പോവും. അതേ ചാനല്‍ പിന്നീട് എന്നെ പലവട്ടം അവാര്‍ഡിന് വിളിച്ചു. ഞാന്‍ പോയില്ല. എല്ലാവര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാവും. അതാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. അപമാനം നമ്മെ മുന്നോട്ട് നയിക്കും,' വിഷ്ണു വിശാല്‍ പറഞ്ഞു.