സ്വന്തം വീട് വിറ്റ് ഒരു നിര്‍ധന കുടുംബത്തിന് വീട് വച്ച് നല്‍കിയ സാജു നവോദയയുടെ സഹായമനസ്ഥിതിയെ സമൂഹമാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയാണ്. 15 വര്‍ഷം വാടകവീട്ടില്‍ താമസിച്ച ശേഷമാണ് സാജന്‍ നവോദയ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ആ വീട് വിറ്റാണ് മറ്റൊരാള്‍ക്ക് അദ്ദേഹം വീട് വച്ച് നല്‍കിയത്. നിര്‍മാതാവും സംവിധായകനുമാണ് ആലപ്പി അഷ്റഫ് ഈ സംഭവത്തെ പറ്റി സംസാരിക്കുന്ന വിഡിയോ ശ്രദ്ധ നേടുകയാണ്.
'ഒരു നേരത്തെ മരുന്ന് വാങ്ങിത്തരണമെന്ന് അപേക്ഷിച്ച് ഒരു കാന്‍സര്‍ രോഗി വിളിച്ചപ്പോള്‍ പാഷാണം ഷാജിയും ഭാര്യയും കൂടി ആ വീട്ടില്‍ ചെന്നതാണ്. ആരോ ഉപേക്ഷിച്ച ഫ്ളക്സ് മേല്‍ക്കൂരയാക്കിയ ആ വീട്ടില്‍ ഒരു ഫ്ളക്സ് വിരിച്ചാണ് അദ്ദേഹം കിടന്നിരുന്നത്. കട്ടില്‍ വാങ്ങിക്കൊടുക്കാം എന്ന ഉദ്ദേശത്തോടെ അവിടെ നിന്നും പോവുമ്പോള്‍ ഭാര്യ സാജുവിനോട് പറഞ്ഞു, അവര്‍ക്കൊരു വീട് വച്ച് കൊടുക്കാമെന്ന്. പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് കെട്ടുറപ്പില്ലാത്ത ആ വീട്ടില്‍ താമസിച്ചിരുന്നത്. അവരുടെ സുരക്ഷിതത്വമാണ് സാജുവിന്‍റെ ഭാര്യ ഓര്‍ത്തത്.
ആ വീട്ടില്‍ ഒരു ബാത്ത്റൂം പോലുമില്ല. പുലര്‍ച്ചേ പറമ്പില്‍ പോയിരുന്നാണ് അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഭാര്യയുടെ തീരുമാനം സാജു സന്തോഷപൂര്‍വ്വം സ്വീകരിച്ചു. രണ്ട് ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള വീടാണ് സാജു അവര്‍ക്ക് നിര്‍മിച്ചുനല്‍കിയത്. ഈ വീടിന്‍റെ നിര്‍മാണ ചിലവിനായി സാജു സ്വന്തം വീട് വിറ്റു. എന്നിട്ട് അദ്ദേഹം വാടകവീട്ടിലേക്ക് മാറി. സ്വന്തം വീട് വിറ്റ് ആ കുടുംബത്തെ സഹായിച്ച സാജുവിനോടും സഹധര്‍മിണിയോടും ബഹുമാനം തോന്നുന്നു,' ആലപ്പി അഷ്റഫ് പറഞ്ഞു.