TAGS

മോഹന്‍ലാലിനെ കണ്ട വിവരം പങ്കുവച്ച് അയർലൻഡ് പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്സ്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് യൂറോപ്പിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള താരസംഘം. ഇതിനിടയിലാണ് അയർലൻഡ് മന്ത്രിയുമായി  കൂടിക്കാഴ്ച നടത്തിയത്. 

മോഹൻലാലിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ജാക്ക് ചേംബേഴ്സ് പറഞ്ഞു. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയർലൻഡിലെ ഇന്ത്യൻ സമൂഹം നമ്മുടെ സമൂഹങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വിശാലമായ സമൂഹത്തിനും നൽകുന്ന നല്ല സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,  ജാക്ക് ചേംബേഴ്സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജാക്കിന്‍റെ പോസ്റ്റ്. 

മോഹൻലാൽ നയിക്കുന്ന സ്റ്റേജ് ഷോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കെ.എസ്. ചിത്രയ്ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതുമുൾപ്പെടെയുള്ള വിഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. 

സാനിയ ഇയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവര്‍ക്കൊപ്പമുള്ള ഡാന്‍സിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ധനുഷിന്റെ തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാതാ, ഫഹദ് ഫാസിലിന്റെ ആവേശത്തിലെ ഇല്ലുമിനാറ്റി, മോഹൻലാലിന്റെ ദിലീപിനൊപ്പമുള്ള ചിത്രം ഭ.ഭ.ബയിലെ അഴിഞ്ഞാട്ടം എന്നീ പാട്ടുകളാണ് വൈറലാവുന്നത്. 

ENGLISH SUMMARY:

Mohanlal Ireland tour includes a meeting with Irish Minister Jack Chambers, who expressed his delight at encountering the renowned Malayalam actor. The meeting occurred during Mohanlal's European tour for a stage show, where he also performed for the Indian diaspora in Ireland.