രേണു സുധിയുടെ പുതിയ റീൽ വിഡിയോ പ്രേക്ഷകരുടെ കണ്ണുനനയിക്കുകയാണ്. കാൻസർ ചികില്‍സയുടെ ഭാഗമായി തന്റെ തലമുടി പൂർണമായും മുറിച്ചുവെന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. കാൻസർ മൂന്നാം ഘട്ടം പിന്നിട്ട സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വളരെ വേഗത്തിലാണ് രേണുവിന്റെ ചികില്‍സ മുന്നോട്ട് പോകുന്നത്. ആദ്യ കീമോതെറാപ്പി കഴിഞ്ഞ് നിലവിൽ കീമോയുടെ കഠിനമായ ക്ഷീണവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന താരം വീട്ടിൽ വിശ്രമത്തിലാണ്.
കീമോതെറാപ്പിയുടെ വേദനകളാണ് രേണു വിഡിയോയില്‍ വിവരിക്കുന്നത്. കീമോതെറാപ്പിയെ തുടർന്ന് മുടിയെല്ലാം പശ പോലെ ആകുകയും മുടികൊഴിയുകയും പിടലിയിലെയും തലയിലെ തൊലി പോവുകയും ചെയ്തതോടെയാണ് താരം മുടി മുറിച്ചത്. തലയുടെ ഒരു സൈഡ് മുഴുവന്‍ മരവിച്ചിരിക്കുകയാണെന്നും ഇടയ്ക്ക് ഇടയ്ക്ക് ഓര്‍മപോകുന്നുണ്ടെന്നും ഉറക്കമില്ലായ്മയും തന്നെ അലട്ടുന്നുവെന്നും താരം വിഡിയോയിലൂടെ വ്യക്തമാക്കി.
രോഗം പൂര്‍ണമായി ഭേദമായാല്‍, ഒരു സുവിശേഷകയായി മാറണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും രേണു വിഡിയോയിൽ പറയുന്നു. രേണുവിന്‍റെ വാക്കുകളിങ്ങനെ... ‘ദൈവം ഇവിടുന്ന് എഴുന്നേല്‍പിച്ചാല്‍ ഞാന്‍ സുവിശേഷക ആകും. എന്‍റെ വര്‍ക്ക് ഒരു വശത്തൂടെ പോകും. എന്നാല്‍ അതിലും വലുതായി എന്റെ അനുഭവസാക്ഷ്യം പറയാൻ എനിക്കാഗ്രഹമുണ്ട്. ഞാന്‍ നിന്ന് പ്രസംഗിക്കുന്ന സ്റ്റേജുകള്‍ എനിക്ക് ഇപ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. കഴിയുമോ എന്നറിയില്ല, എന്നാലും പ്രത്യാശയുണ്ട്. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും’
കഠിനമായ വേദനകൾക്കിടയിലും പ്രത്യാശയോടെയാണ് താരം മുന്നോട്ട് പോകുന്നത്. മെഡിക്കൽ കോളജില്‍ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ഡോക്ടർമാരോടും നഴ്സുമാരോടും വലിയ നന്ദിയുണ്ടെന്നും രേണു വിഡിയോയില്‍ കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി ഘട്ടത്തിലും കുടുംബത്തിന്റെ പിന്തുണ വലിയ ആശ്വാസമാണ് നൽകുന്നതെന്നും രേണു വ്യക്തമാക്കുന്നു. പിന്തുണ നൽകുന്നവർക്ക് നന്ദി പറഞ്ഞ രേണു, തന്നെ ദ്രോഹിക്കരുതെന്നും വിഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ മുന്നോട്ട് പോകുന്ന രേണു സുധിയുടെ വാക്കുകള്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. കാൻസറിനോട് പോരാടുന്ന ഒരുപാട് പേർക്ക് ഈ വിഡിയോ വലിയ പ്രചോദനമാണെന്നാണ് നിരവധി പേര്‍ കമന്‍റ് ചെയ്യുന്നത്.