നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശവും തിരഞ്ഞെടുപ്പും മുഖ്യമന്ത്രി പദത്തിലേക്കുള്ള സ്ഥാനാരോഹണവും കണ്ണടച്ച് തുറക്കുന്നത് പോലെയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിജയെ എതിര്‍ക്കാന്‍ ഒരു സ്റ്റാര്‍ തന്നെ തമിഴ് രാഷ്ട്രീയത്തിലേക്കിറങ്ങേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇതിനിടയിലാണ് നടിപ്പിന്‍ നായകന്‍ സൂര്യ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്ത പ്രചരിക്കുന്നത്. സൂര്യ ആരാധകരുടെ സംഘടനയായ ആള്‍ ഇന്ത്യ സൂര്യ വെല്‍ഫെയര്‍ മൂവ്മെന്‍റ് നടത്തിയ ഒരു മീറ്റിങ്ങിന്‍റെ വിഡിയോ പ്രചരിച്ചതോടെയായിരുന്നു സൂര്യയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചത്.

വിഡിയോ പ്രകാരം സംഘടനയുടെ മുന്‍ അധ്യക്ഷനായിരുന്ന ആര്‍.വീരമണിയാണ് സൂര്യയുടെ രാഷ്ട്രീയപ്രവേശം എന്ന ആശയം അവതരിപ്പിച്ചത്. ‘കാലം തീരുമാനിച്ചാൽ, ദൈവം തീരുമാനിച്ചാൽ, ഒരാളെ ജനകീയ നേതാവാകുന്നത് തടയാൻ ആർക്കും കഴിയില്ല’ എന്നായിരുന്നു വീരമണിയുടെ പ്രസ്താവന. 

വിഡിയോ പ്രചരിച്ചതോടെ സൂര്യ രാഷ്ട്രീയത്തിലേക്കെന്ന് വന്‍തോതില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഉടന്‍ തന്നെ സംഘടന വിശദീകരണവുമായി രംഗത്തെത്തി. വീരമണി പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും സൂര്യ തന്‍റെ സന്നദ്ധസംഘടനയായ അകാരം ഫൗണ്ടേഷന്‍റെ ജനകീയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നും, രാഷ്ട്രീയത്തിലേക്കില്ലെന്നും വ്യക്തമാക്കി. 

പിന്നാലെ വിഡിയോയുടെ പൂര്‍ണരൂപവും പുറത്തുവന്നു. വിഡിയോയുടെ തുടക്കത്തില്‍ തന്നെ താന്‍ പറയുന്നത് തന്‍റെ വ്യകതിപരമായ അഭിപ്രായമാണെന്ന് വീരമണി പറയുന്നതായിരുന്നു പൂര്‍ണരൂപം.

ENGLISH SUMMARY:

Actor Vijay's swift political entry and rise to Chief Minister have sparked discussions, with speculation that another star might enter Tamil politics to counter him. This has led to rumors about actor Suriya's potential political foray, fueled by a video from his fan club.