പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് രേണു സുധി തനിക്ക് കാന്‍സറാണെന്ന വിവരം പുറത്തുവിട്ടത്. തനിക്ക് സ്തനാർബുദമാണെന്നും രോഗം മൂന്നാം ഘട്ടത്തിലാണെന്നും രേണു തന്നെ സോഷ്യൽ മീഡിയയിലൂടെ പറയുകയായിരുന്നു. 15-ാം വയസ്സിൽ സ്തനത്തിൽ കണ്ട ഒരു ചെറിയ മുഴ പിന്നീട് കാൻസറായി മാറിയതെന്നാണ് രേണു വ്യക്തമാക്കിയത്.
തന്‍റെ ജീവിതത്തിലെ ഓരോ വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കുന്ന രേണു ഇപ്പോള്‍ കീമോയുടെ ഭാഗമായി മുടി മുറിച്ച വിഡിയോയും പങ്കുവച്ചിരിക്കുകയാണ്. വേദനിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ കമന്‍റില്‍ രേണുവിന് പിന്തുണയുമായി രംഗത്തെത്തിയത്. എല്ലാ പ്രതിസന്ധികളും ചിരിച്ചുകൊണ്ട് നേരിടുന്ന രേണു ഈ ഘട്ടവും തീര്‍ച്ചയായും മറികടക്കുമെന്നും പഴയതുപോലെ തിരിച്ചുവരുമെന്നും പ്രേക്ഷകര്‍ ആശംസിക്കുന്നു.
കഴിഞ്ഞ ദിവസം യൂട്യൂബര്‍ സായ് കൃഷ്ണ രേണുവിന്‍റെ വീട്ടില്‍ എസി വാങ്ങിനല്‍കിയിരുന്നു. കാശുണ്ടാക്കാന്‍ കണ്ടന്‍റ് തന്ന വ്യക്തി എന്ന നിലയില്‍ താന്‍ ചെയ്യേണ്ട കാര്യമാണ് ഇതെന്ന് തോന്നി എന്നാണ് പുറത്തുവിട്ട വിഡിയോയില്‍ സായ് പറഞ്ഞിരുന്നത്. സായിക്ക് നന്ദി പറഞ്ഞ് രേണു തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലാണ് രേണുവിന്റെ നിലവിലെ ചികിത്സ നടക്കുന്നത്. നഴ്സായ ചേച്ചി രമ്യ തന്റെ ജോലി വരെ രാജിവെച്ചാണ് ഇപ്പോൾ രേണുവിനെ പരിചരിക്കാൻ ഒപ്പമുള്ളത്. മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനുശേഷം സർജറിക്കും പദ്ധതിയിട്ടിട്ടുണ്ട്.