മലയാള സിനിമയിലെ തലമുതിര്‍ന്ന അംഗമാണ് കുളപ്പുള്ളി ലീല. ഇന്നും പലവേഷങ്ങളില്‍ ലീല സിനിമയില്‍ അഭിനയിക്കുന്നു. എന്നാല്‍ താന്‍ മരിച്ചു എന്ന വാര്‍ത്ത പലതവണയായി കേട്ടതിലെ മനപ്രയാസം തുറന്നു പറയുകയാണ് നടി. പലസിനിമാക്കാരും താന്‍ മരിച്ചു എന്നാണ് കരുതിയതെന്നും ഇത്തരം വാര്‍ത്തയ്ക്ക് പിന്നില്‍ യൂട്യൂബ് ചാനലുകാരാണെന്നും കുളപുള്ളി ലീലയുടെ പ്രതികരണം. പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.
'തമിഴിലുള്ളവരൊക്കെ ഞാന്‍ മരിച്ചു പോയി എന്നാണ് കരുതിയത്. നമ്പര്‍ വാങ്ങിയിട്ടും അവര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നെ വിളിച്ചു. കുളപ്പുള്ളി ലീലയെ കിട്ടുമോ എന്ന് ചോദിച്ചു. ലീലയാണെന്ന് പറഞ്ഞു. അവര്‍ അന്വേഷിച്ചപ്പോള്‍ മരിച്ചു പോയെന്ന് അറിഞ്ഞതെന്ന് പറഞ്ഞു. ആ ചിത്രം 25 ന് ഷൂട്ടാണ്' എന്നിങ്ങനെയാണ് ലീലയുടെ വാക്കുകള്‍.
ശിവ കാര്‍ത്തിയകന്‍റെ പടം പരാശക്തി ചെയ്തപ്പോഴുണ്ടായ അനുഭവവും ലീല പങ്കുലച്ചു. 'പരാശക്തിക്ക് എന്‍റെ പേര് പറഞ്ഞപ്പോഴും മരിച്ചു പോയെന്നാണ് അവിടെയുള്ളവര്‍ അറിഞ്ഞത്. തമിഴില്‍ ഐറ ചെയ്തപ്പോള്‍ പരിചയമുള്ളൊരു പയ്യനുണ്ടായിരുന്നു. അവനാണ് എന്നെ വിളിച്ച് തിരിക്കിയത്. പിന്നീട് തമിഴ്നാട്ടിലെത്തിയപ്പോള്‍ ഇക്കാര്യം അറിയുന്നത്' എന്നും ലീല പറഞ്ഞു. പല ആദരാജ്‍ലി പോസ്റ്റുകളും ഫോണിലുണ്ടെന്നും ഞാന്‍ മരിക്കാഞ്ഞിട്ട് ആര്‍ക്കാണ് ബുദ്ധിമുട്ടെന്നും ലീല ചോദിച്ചു.
'ആദരാഞ്ജലി പോസ്റ്റ് എല്ലാവരുടെയും ഫോണിലെത്തി. ഞാന്‍ രണ്ട് ഫോണിലും കോളെടുത്തു കൊണ്ടിരിക്കുകയായിരുന്നു. എന്‍റെ വീടിന്‍റടുത്ത് റീത്തുമായി വരെ ആളുവന്നു. ഇവിടെ അമ്പലത്തിലുള്ള നമ്പൂതിരിയും ഭാര്യയും വന്നു. എവിടെയും ഫ്ലെക്സ് കാണാതായതോടെ സംശയമായി. റീത്ത് ഒഴിവാക്കി വീട്ടിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് അവര് വീടുവരെ വന്നു. എന്‍റെ ശബ്ദം കേട്ടാണ് അവര്‍ തിരികെ പോയത്'
'സങ്കടമുണ്ടാക്കിയ ഒരു കാര്യം ഞാന്‍ ഫോണിലൂടെ ഇങ്ങനെ പറയുന്നത് അമ്മ കേള്‍ക്കുന്നുണ്ട്. അമ്മ കേള്‍ക്കാതിരിക്കാന്‍ പുറത്തിരുന്നാണ് ഫോണ്‍ വിളിക്കുന്നത്. എന്‍റെ ലീലയ്ക്ക് എന്താണ് പറ്റിയത്, ലീല മരിച്ചുവെന്ന് പറഞ്ഞു, അപ്പോള്‍ ലീലയല്ലേ ഈ ഇരിക്കുന്നത് എന്നൊക്കെ അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു. യൂട്യൂബ്കാരാണ് വളര്‍ത്തി ഉണ്ടാക്കുന്നത്. കൊന്ന് പൈസ ഉണ്ടാക്കിയാല്‍ തിന്നാല്‍ ദഹിക്കില്ല. എന്നെ കൊല്ലല്ലേ' എന്നും ലീല പറഞ്ഞു.