തികച്ചും സ്വാഭാവികമായ അഭിനയശൈലി കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ താരമാണ് അലന്‍സിയര്‍. സ്വന്തം നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. കുട്ടിയായിരിക്കുമ്പോള്‍ നാടകത്തിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച അലന്‍സിയര്‍ 1998ൽ റിലീസ് ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് സീരിയല്‍ രംഗത്തും സിനിമാരംഗത്തും സജീവമായ അലന്‍സിയര്‍ ഒറ്റയാൾ പ്രതിഷേധങ്ങൾ അടക്കമുളള കാര്യങ്ങളിലൂടെ വാര്‍ത്തകളിലും ഇടംപിടിച്ചു. ഇപ്പോഴിതാ അലന്‍സിയര്‍ പങ്കുവച്ച ഒരു ഫെയ്സ്ബുക്ക് കുറിപ്പും ചിത്രവും സൈബര്‍ലോകത്തെ പൊട്ടിച്ചിരിപ്പിക്കുകയാണ്. 

തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന രണ്ട് കന്യാസ്ത്രീകളുടെ ചിത്രമാണ് രസകരമായ അടിക്കുറിപ്പോടെ അലന്‍സിയര്‍ പങ്കുവച്ചിരിക്കുന്നത്. 'എനിക്ക് ഒരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ' എന്ന് കുറിച്ച അലന്‍സിയര്‍ അതിനൊപ്പം തന്നെ ഇങ്ങനെ കൂടി എഴുതി..'ഒ അതൊന്നും സാരമില്ലന്നെ....ഇടയ്ക്കു കുരിശ് വരയ്ക്കണം കേട്ടോ' എന്ന്. കൂടാതെ 'കുരിശ് ചുമക്കുകയാണ് സിസ്റ്റർ' എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്റര്‍മാര്‍ക്കൊപ്പമുളള അലന്‍സിയറുടെ ചിത്രത്തിനും അടിക്കുറിപ്പിനും രസകരമായ പ്രതികരണങ്ങളാണ് സൈബറിടത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം വളരെ മെലിഞ്ഞ അലന്‍സിയറെ കണ്ട് അദ്ദേഹത്തിന്‍റെ ആരോഗ്യകാര്യത്തില്‍ ആശങ്ക പ്രകടിക്കുന്ന ആരാധകരും ഏറെയാണ്. അലന്‍സിയറിന് എന്തെങ്കിലും അസുഖമാണോ എന്നും കമന്‍റുകളുണ്ട്. എന്നാല്‍ അടുത്തിടെ വേറെ ഒരു കേസ് എന്ന ചിത്രത്തിന് വേണ്ടി അലന്‍സിയര്‍ ശരീരഭാരം കുറച്ചതാണെന്ന് സംവിധായകൻ ഷെബി ചൗഘട്ട് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Alencier, a Malayalam actor known for his natural acting style and outspoken nature, recently shared a humorous Facebook post featuring a selfie with two nuns. His witty caption, 'I have a bad reputation, sisters,' along with a playful remark about the cross, has gone viral and elicited amusing reactions online.