സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് സര്‍പ്രൈസ് ഗിഫ്റ്റുമായി ടോക്സിക് ടീം. സെറ്റിൽ നിന്നുള്ള പ്രത്യേക ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വിഡിയോ ആണ് ടോക്സിക് ടീം പങ്കുവച്ചത്. ഈ ജന്മദിന സ്പെഷ്യൽ വിഡിയോയിൽ ഗീതു തന്റെ പൂർണ്ണമായ ഫോമിൽ തന്നെയാണ് ഉള്ളത്. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം.

"വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ @geetu_mohandas," എന്ന സന്ദേശത്തോടൊപ്പമാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായാണ് ടോക്സിക് ഒരുങ്ങുന്നത്. ദൃശ്യങ്ങൾ ചിത്രത്തിന്റെ വലിയ സ്കെയിൽ വ്യക്തമാക്കുന്നതാണ്. 

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്', അതിന്റെ വലിയ കാൻവാസ് കൊണ്ടും, നിർമ്മാണ ശൈലി കൊണ്ടും, അതുല്യമായ സർഗ്ഗാത്മക വീക്ഷണം കൊണ്ടും നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.

ENGLISH SUMMARY:

Geetu Mohandas' birthday surprise from the Toxic team features a behind-the-scenes video highlighting her directorial prowess. The video showcases her commanding presence on set, guiding actors and managing the large crew with confidence and precision.