image Credit: @Tseries
അനവസരത്തില്‍ പ്രത്യേക ആംഗിളുകളില്‍ ക്യാമറ വെച്ച് സ്ത്രീകളെ അര്‍ധനഗ്നരായി ചിത്രീകരിച്ചെന്ന ആക്ഷേപം ചലച്ചിത്രരംഗത്ത് പതിവാണ്. ഐറ്റം ഡാന്‍സുകളില്‍ നിന്നടക്കം മലയാളം, തമിഴ് സിനിമകള്‍ വഴിമാറി തുടങ്ങിയെങ്കിലും മറ്റ് അന്യഭാഷാ ചിത്രങ്ങളില്‍ നായികമാരെ അല്‍പവസ്ത്രധാരികളായി പ്രദര്‍ശിപ്പിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്.
രാം ചരണ്‍ നായകനായെത്തുന്ന പുതിയ തെലുങ്ക് സിനിമയായ 'പെഡ്ഢി'യാണ് മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ അടുത്തിടെ വിവാദത്തിലായത്. നായിക ജാന്‍വി കപൂറിനെ മിതവസ്ത്രധാരിയായും മോശം സാഹചര്യങ്ങളിലും മറ്റും ചിത്രീകരിക്കുന്ന പല സീനുകളും സിനിമയിലുണ്ട്. പിന്നാലെ നടിയെ സിനിമയില്‍ ഹൈപ്പര്‍സെക്ഷ്വലൈസ് ചെയ്യുകയാണെന്ന വിമര്‍ശനവും രൂക്ഷമായുയര്‍ന്നു. നടി നടുറോഡില്‍ സാരി ഉരിഞ്ഞ് പാവാട മാത്രം ധരിച്ചും, സാരിയുടുത്ത കൂട്ടുകാര്‍ക്കിടയില്‍ ബ്ലൗസും ഷാളും മാത്രം ധരിച്ചുമെല്ലാം വരുന്ന സീനുകള്‍ ചിത്രത്തിലെ ഗാനരംഗങ്ങളിലുണ്ട്.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് പെഡ്ഢിയുടെ സംവിധായകന്‍ ബുച്ചി ബാബു സന. തങ്ങളുടെ ടീം വിമര്‍ശനങ്ങള്‍ നിരീക്ഷിച്ചെന്നും അത് വളരെ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നുമാണ് ബുച്ചി പറയുന്നത്. സിനിമയില്‍ പീഡനത്തെ സാധാരണവല്‍ക്കരിക്കുന്ന ഡയലോഗുകളും സ്ത്രീത്വത്തെ അപമാനിക്കുന്ന സീനുകളും ധാരാളമുണ്ടെന്നായിരുന്നു ആക്ഷേപം. താന്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും സ്ത്രീകളെ കച്ചവടവല്‍ക്കരിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും, ആര്‍ക്കെങ്കിലും തന്റെ സിനിമയിലെ സീനുകള്‍ വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബുച്ചി എഴുതി.
സിനിമയിലെ രംഗങ്ങള്‍ കഴിയാവുന്നത്ര മാറ്റം വരുത്തി പ്രദര്‍ശിപ്പിക്കുമെന്നും, വിമര്‍ശനത്തെ താന്‍ ഗൗരവമായിത്തന്നെ കാണുന്നെന്നും ബുച്ചി തന്റെ എക്സില്‍ കുറിച്ചു. ജൂണ്‍ നാലിന് റിലീസ് ചെയ്ത സിനിമ വന്‍ വിജയമായി ടോളിവുഡില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രദര്‍ശനത്തിന് തടസ്സം വരാതെ സിനിമയില്‍ മാറ്റം വരുത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.