NewProject

ഹൊറര്‍ ചിത്രമെന്നാല്‍ പതിറ്റാണ്ടുകളായി നമ്മുടെ മനസ്സില്‍ ഒരു പാറ്റേണുണ്ടല്ലോ. പേടിപ്പെടുത്തുന്ന മ്യൂസിക്കിനൊപ്പം മരിച്ച ആത്മാക്കളുടെ സാന്നിധ്യം, ഇരുട്ടില്‍ പതിയിരിക്കുന്ന ഭീകരജീവികള്‍ ഒക്കെ... എന്നാല്‍ ആ സ്ഥിരം രീതിയെ മാറ്റിമറിച്ചിരിക്കുകയാണ് ഹോളിവുഡ്. വെറും ഒന്‍പത് കോടിക്ക് താഴെ മാത്രം ചിലവ് വന്ന ചിത്രം, മെയ് 15ന് തിയേറ്ററിലെത്തിയ ചിത്രം ഇന്നിതാ ബോക്സോഫീസില്‍ നൂറുകോടി കടന്നിരിക്കുന്നു. സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറുകയാണ് ഒബ്സെഷന്‍. പരിചിതമായ വന്‍ താരനിരയൊന്നും തന്നെ ഇല്ലാതെ ഇറങ്ങിയ ചിത്രം.

ബോക്സോഫീസ് ഇളക്കിമറിക്കുന്ന ഈ ചിത്രം ആര് സംവിധാനം ചെയ്തു എന്നതിലാണ് അടുത്ത അതിശയമുള്ളത്. വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച, പരിചയപ്പെടുത്താന്‍ ഇല്ലാത്ത ഒരു പാവം യൂട്യൂബര്‍, കറി ബാര്‍ക്കര്‍. 'മില്‍ക്ക് ആന്‍ഡ് സീരിയല്‍' ആയിരുന്നു കറി ബാര്‍ക്കറിന്റെ ആദ്യ ചിത്രം. യൂട്യൂബില്‍ മാത്രം റിലീസ് ചെയ്ത, വെറും 800 ഡോളര്‍, അതായത് ഏകദേശം 67,000 രൂപ ചിലവില്‍ നിര്‍മിച്ച ഒരു കൊച്ചുചിത്രം. എന്നാല്‍ ആ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ട തലങ്ങള്‍ വലുതായിരുന്നു.

ഹൊറര്‍ ചിത്രങ്ങളോട് കറി ബാര്‍ക്കര്‍ക്കുള്ള സമീപനം അന്നേ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ സഞ്ചരിക്കുന്ന വഴികള്‍ കണ്ട് പ്രേക്ഷകര്‍ അന്നേ അതിശയിച്ചവരാണ്. ഇന്നത് ബിഗ് സ്‌ക്രീനിലേയ്ക്ക് എത്തിയപ്പോഴും ആ പ്രതീക്ഷകള്‍ക്കും അതിശയത്തിനും ഒട്ടും തന്നെ കുറവുണ്ടായില്ല.

സ്നേഹത്തിന്റെ പേരില്‍ സമാധാനം പോകുന്ന ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാകുമോ. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്നേഹിച്ചാല്‍ എങ്ങനെയുണ്ടാകും... ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്, അത് "ഇന്‍സെല്‍ ഹൊറര്‍" അല്ലെങ്കില്‍ "കണ്‍സെന്റ് ഹൊറര്‍" എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിലേയ്ക്ക് എത്തുന്നതാണ്.

ചിത്രം ഇറങ്ങി ഇന്നുവരെ തിയേറ്ററുകളില്‍ ആളുകള്‍ കൂടിവരുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത... ഒബ്സെഷന്‍ ആദ്യം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അങ്ങനെയാണ് ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഫോക്കസ് ഫീച്ചേഴ്സ് ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ചില രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദേ നവറെറ്റെയും മൈക്കിള്‍ ജോണ്‍സ്റ്റണിനെയും ആണ്. "ഇതെന്താണ് പെണ്ണേ, ഇതെന്താണ് ഈ ചെയ്ത് വെച്ചിരിക്കുന്നത്?" എന്ന് അറിയാതെ നമ്മള്‍ ചോദിച്ചുപോകും.

മൈക്കിള്‍ ജോണ്‍സ്റ്റണും പ്രേക്ഷകമനസ്സില്‍ നിന്ന് പെട്ടെന്നങ്ങ് മായാന്‍ സാധ്യതയില്ല. ചരിത്രങ്ങള്‍ മാറ്റപ്പെടുകയാണ്, കോണ്‍സെപ്റ്റുകള്‍ മാറുകയാണ്, പ്രേക്ഷകര്‍ അത് ഏറ്റെടുക്കുകയാണ്... ആയിരം കോടിയിലെത്തിയാലും അതിശയിക്കാനില്ല. അതെ, ബോക്സോഫീസ് കൈയടക്കാന്‍ കോടികളും വന്‍ താരനിരയും ഒന്നും വേണ്ടെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഒബ്സെഷന്‍.

ENGLISH SUMMARY:

Obsession is a horror film that redefines traditional horror tropes by focusing on psychological themes rather than jump scares and supernatural elements. This low-budget Hollywood production, directed by a former YouTuber named Cory Barlog, has defied expectations, crossing the 100 crore mark at the box office and sparking widespread discussion among film enthusiasts.