തമിഴ് നടന്‍ അജിത്തിന്‍റെ അമ്മ മോഹിനി മണി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. 84 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ കമൽ ഹാസൻ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി വിജയ് അജിത്തിന്‍റെ വീട്ടിലെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ബിഎംഡബ്ല്യു കാറിലാണ് വിജയ് ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്റെ വീട്ടിലെത്തിയത്. ചെരുപ്പിടാതെ കാറില്‍ നിന്നിറങ്ങിയ വിജയ് അജിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഈ സമയത്ത് തൃഷയും വിജയ്ക്ക് സമീപത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം കറുപ്പ് സ്യൂട്ട് ധരിച്ച് പൊതുവിടത്തിൽ പ്രത്യക്ഷപ്പെടാറുള്ള വിജയ് അജിത്തിന്‍റെ വീട്ടില്‍ വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റ്‌സും ധരിച്ചാണ് എത്തിയത്. കറുപ്പ് കുര്‍ത്ത ധരിച്ചാണ് തൃഷ വന്നത്. വിജയ്ക്ക് പിന്നാലെ തൃഷയും അജിതിനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു.
അജിത് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു അമ്മയുടെ മരണം സംഭവിച്ചത്. കാര്‍ റേസിങിന്‍റെ തിരക്കുമായി ബന്ധപ്പെട്ട ദുബായിലായിരുന്നു താരം. രണ്ടു വര്‍ഷം മുന്‍പ് 2023 മാര്‍ച്ച് 24 നാണ് അജിത്തിന്‍റെ പിതാവ് പി. സുബ്രമണ്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ അന്തരിച്ചത്.