shahana-goswami-milind

ജീവിതത്തിലെ ബന്ധങ്ങളോടും പ്രണയത്തോടുമുള്ള തന്‍റെ നിലപാടുകളും സമീപനവും ഒപ്പം നടനും ഫിറ്റ്നസ് ഐക്കണുമായ മിലിന്ദ് സോമാനുമായുള്ള പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഷഹാന ഗോസ്വാമി. താന്‍ ഒരു ഓപ്പണ്‍ റിലേഷന്‍ഷിപ്പിലാണെന്നും ജീവിതത്തില്‍ ഒന്നിലധികം പങ്കാളികള്‍ ഉണ്ടെന്നുമാണ് ഷഹാന തുറന്ന് പറഞ്ഞത്. പരമ്പരാഗത ബന്ധങ്ങൾ ഒരിക്കലും തനിക്ക് അനുയോജ്യമല്ലെന്നും ഷഹാന പറഞ്ഞു. തന്‍റെ ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളെ ‘സൗഹൃദങ്ങൾ’ എന്നാണ് താരം വിശേഷിപ്പിച്ചത്. പ്രണയത്തിനോടൊപ്പം വ്യക്തിസ്വാതന്ത്ര്യത്തിലും താന്‍ ആഴത്തില്‍ വിശ്വസിക്കുന്നുവെന്നും ഷഹാന വ്യക്തമാക്കി.

നിലവില്‍ ഒരു പൂര്‍ണ ജീവിത പങ്കാളി എന്ന് പറയാന്‍ ഒരാള്‍ തന്‍റെ ജീവിതത്തില്‍ ഇല്ലെന്നും എന്നാല്‍ ദീർഘകാലമായി തുടരുന്ന ശക്തമായ ബന്ധങ്ങളുണ്ടെന്നും ഷഹാന പറഞ്ഞു. ‘അത് ആകസ്മികമല്ല. ഇതൊന്നും ആകസ്മികമല്ല. നമുക്കെല്ലാവർക്കും ധാരാളം സുഹൃത്തുക്കളുണ്ട്. ഓരോ സൗഹൃദവും വ്യത്യസ്തമാണ്. ചിലപ്പോൾ അത് വെറും സൗഹൃദം മാത്രമായിരിക്കും. ചിലപ്പോൾ അത് ശാരീരികവുമാകാം. അതിനെ ഏതെങ്കിലും പ്രത്യേക ദിശയിലേക്ക് നയിക്കേണ്ട ആവശ്യമില്ല. അടിസ്ഥാനം ലളിതമാണ്: സ്നേഹവും സൗഹൃദവും. എനിക്ക് നൽകാൻ വളരെയധികം സ്നേഹമുണ്ട്, പിന്നെ എന്തിനാണ് ഞാൻ ഒരാൾക്ക് മാത്രം കൊടുക്കേണ്ടത്?’– ഷഹാന പറയുന്നു. അതേസമയം, തന്നെ താന്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും, തന്റെ പങ്കാളികൾക്ക് മറ്റുള്ളവരുമായുള്ള ബന്ധം അറിയാമെന്നും ഷഹാന കൂട്ടിച്ചേർത്തു. തന്‍റെ പങ്കാളികളില്‍ പലരും തന്നെ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടെന്നും ഇത് സത്യസന്ധതയുടെയും കൃത്യമായ ആശയവിനിമയത്തിന്റെയും ഉദാഹരണമാണെന്നും ഷഹാന പറയുന്നു.

ചെറുപ്പത്തിൽ തന്നെ തുറന്ന ബന്ധങ്ങളെക്കുറിച്ച് തനിക്ക് അവബോധമുണ്ടായിരുന്നുവെന്നും പരമ്പരാഗത ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള പ്രണയത്തെക്കുറിച്ച് ചിന്തിക്കാന്‍ അത് ഒരു ചട്ടക്കൂട് നിര്‍മ്മിച്ചതായും ഷഹാന പറഞ്ഞു. ‘പ്രണയം സ്വതന്ത്രമായിരിക്കണം. അത് അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെ പരിമിതപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ ഒന്നായി മാറരുതെന്ന് ഞാൻ എപ്പോഴും കരുതി. ആ വിശ്വാസം ഞാൻ തിരഞ്ഞെടുത്ത ബന്ധങ്ങളെ മാത്രമല്ല, കാലക്രമേണ ആ ബന്ധങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നതിലും പ്രകടമാണ്’– ഷഹാന പറഞ്ഞു. 

മിലിന്ദ് സോമാനുമായുള്ള ബന്ധത്തെക്കുറിച്ചും ഷഹാന സംസാരിക്കുകയുണ്ടായി. ഷഹാനയ്ക്ക് 20 വയസ്സുള്ളപ്പോഴാണ് 43 വയസ്സുള്ള മിലിന്ദ് സോമനുമായി പ്രണയത്തിലായത്. ആറ് വർഷത്തോളം അവർ മെസ്സേജുകളിലൂടെയും കത്തുകളിലൂടെയും മാത്രമേ സംസാരിച്ചിരുന്നുള്ളൂ. സ്വയം ഒരു ‘സ്റ്റോക്കർ ആരാധിക’ എന്നാണ് ഷഹാന വിശേഷിപ്പിക്കുന്നത്. പിന്നീട് ഷഹാന മുംബൈയിലേക്ക് താമസം മാറിയപ്പോൾ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. എന്നിരുന്നാലും, 2013 ൽ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ആ സമയം പ്രായം ഒരു പ്രശ്നമായിരുന്നില്ലെന്നും കുടുംബത്തില്‍ എല്ലാം തുറന്നു സംസാരിച്ചിരുന്നുവെന്നും ഷഹാന പറയുന്നു. 

2013 ൽ ബന്ധം അവസാനിപ്പിച്ചതിന്‍റെ കാരണവും ഷഹാന ഗോസ്വാമി പങ്കുവെച്ചു. പരമ്പരാഗത ബന്ധങ്ങള്‍ തനിക്ക് വേണ്ടിയുള്ളതാണെന്ന് തോന്നിയില്ലെന്നാണ് ഷഹാന പറഞ്ഞത്. മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ നിങ്ങൾ അത് ഉപേക്ഷിക്കണം. പരമ്പരാഗത ബന്ധത്തിൽ കഴിയുന്ന ഒരാളല്ല ഞാൻ എന്ന് ഞാൻ മനസ്സിലാക്കുന്ന ഒരു ഘട്ടത്തിലായിരുന്നു. ഞാൻ പ്രണയത്തിൽ വളരെ ആഴത്തിൽ വിശ്വസിക്കുന്നു, പക്ഷേ സ്വാതന്ത്ര്യത്തിലും  വിശ്വസിക്കുന്നു. ആളുകളെ നിങ്ങളിൽ തന്നെ ഒതുക്കി നിർത്തുകയാണെങ്കിൽ അത് പ്രണയമല്ലെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കി. അവർ അവരായിരിക്കട്ടെ. ഞങ്ങൾ ഇനി പൊരുത്തപ്പെടുന്നില്ല എന്നത് സ്വാഭാവികമായ ഒരു തിരിച്ചറിവായിരുന്നു. ഞങ്ങൾക്ക് പരസ്പരം വളരെയധികം സ്നേഹമുണ്ട്, പക്ഷേ ബന്ധത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഒന്നായിരുന്നില്ല’– ഷഹാന പറഞ്ഞു. ‘നിങ്ങൾ ആരോടൊപ്പമാണെങ്കിലും അവരുമായി സത്യസന്ധമായി തുറന്ന് ആശയവിനിമയം നടത്തുക, പങ്കാളി എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാന്‍ സ്വയം പരിശീലിക്കുക– ഷഹാന കൂട്ടിച്ചേര്‍ത്തു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു ഷഹാന തുറന്ന് സംസാരിച്ചത്.

ENGLISH SUMMARY:

In a bold and unconventional disclosure, Bollywood actress Shahana Goswami revealed during an interview with Siddharth Kanan that she is practitioner of open relationships. The actress stated that she does not conform to traditional relationship standards and currently maintains multiple meaningful bonds which she seamlessly defines as versatile friendships. Reflecting on her highly publicized past, Goswami recalled her romance with fitness icon Milind Soman, which began when she was 20 and he was 43, initially thriving on letters and text messages for six years. However, the couple mutually decided to call it quits in 2013 after she realized that traditional partnership structures were restricting her core beliefs regarding absolute personal autonomy. Emphasizing that true love should never cage an individual, Shahana highlighted that complete emotional transparency remains the foundation of her life, allowing many of her partners to cordially meet each other without animosity.