അമ്മ ഭരണസമിതിയിൽ വെടിനിർത്തൽ. പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ സംസാരിക്കുമെന്നും അംഗങ്ങൾ പരസ്യപ്രതികരണം നടത്തരുതെന്ന് അഭ്യർഥിച്ചതായും പ്രസിഡന്റ് ശ്വേത മേനോൻ മനോരമ ന്യൂസിനോട് പറഞ്ഞു. താനും ശ്വേതയുമായി പ്രശ്നങ്ങളില്ലെന്നും ചർച്ചകൾ നടക്കേണ്ടത് അമ്മയ്ക്കുള്ളിലാണെന്നും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും മനോരമ ന്യൂസിനോട് പറഞ്ഞു. ജൂൺ 21നാണ് അമ്മ ജനറൽ ബോഡി.
ഫെബ്രുവരി 13ന് നടന്ന കുടുംബസംഗമത്തിന്റെ നടത്തിപ്പും അതിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലിയും അമ്മയിലുണ്ടായ തർക്കങ്ങളാണ് പരസ്യമായ വിഴുപ്പലക്കലിലേക്ക് നേതൃനിരയെ എത്തിച്ചത്. അധികാരത്തർക്കത്തിൽ ശ്വേതയ്ക്കും കുക്കുവിനും പിന്നിൽ രണ്ട് മേരിയായി എക്സിക്യൂട്ടീവ് അംഗങ്ങളും അണിനിരന്നു. ഇതിനിടെ ടിനി ടോമിനെതിരെ അൻസിബയും നീന കുറുപ്പും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതികരണവുമായി വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയും ജോയ് മാത്യുവും ഉൾപ്പെടെ എത്തിയതോടെ പരസ്യ വിഴുപ്പലക്കായി. ഇവിടെയാണ് നേതൃത്വം തന്നെ ഇടപെട്ടത്. അംഗങ്ങൾ പരസ്യപ്രതികരണം നടത്തരുതെന്നും മാധ്യമങ്ങളെ പ്രസിഡന്റോ ജന:സെക്രട്ടറിയോ ആവശ്യമെങ്കിൽ കാണുമെന്നും അമ്മ വാട്സാപ്പ് ഗ്രൂപ്പിൽ അഭ്യർഥിച്ചതായി ശ്വേത സ്ഥിരീകരിച്ചു.
എന്നാല്‍ താരസംഘടന അമ്മ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. താനും ശ്വേതയുമായി ഒരു പ്രശ്നങ്ങളും ഇല്ല. കഴിഞ്ഞ ദിവസവും ശ്വേതയെ കണ്ടിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച നടക്കേണ്ടത് സംഘടയ്ക്ക് ഉളളില്‍ ആണെന്നും ബൈലോയില്‍ അതാണ് പറയുന്നതെന്നും കുക്കു പറഞ്ഞു. പ്രസിഡന്റെയും ജനറൽ സെക്രട്ടറിയുടെയും അഭ്യർഥന അമ്മ അംഗങ്ങൻ അനുസരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
താരസംഘടനയായ അമ്മയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കാവൂ എന്നും അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്തരുതെന്നും നേതൃത്വം കർശന നിർദേശം നൽകി. പ്രസിഡന്റും ജനറൽ സെക്രട്ടറിയും തമ്മിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും നിലവിലെ പ്രശ്നങ്ങൾ സംഘടനയുടെ നിയമാവലി പ്രകാരം ആഭ്യന്തരമായി തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കാൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും മാത്രമേ അധികാരമുള്ളൂ എന്ന് അംഗങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നേതൃത്വം പ്രത്യേക ശബ്ദസന്ദേശം നൽകിയിട്ടുണ്ട്. പരസ്യമായി പ്രതികരിക്കുന്നതിൽ നിന്ന് എല്ലാ അംഗങ്ങളെയും, പ്രത്യേകിച്ച് വനിതാ അംഗങ്ങളെ കർശനമായി വിലക്കിയിട്ടുണ്ട്.
സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും, പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ അപ്പപ്പോൾ തിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നേതൃത്വം വിശദീകരിക്കുന്നു. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലൂടെ അംഗങ്ങൾ പരസ്പരം ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കും താൽക്കാലികമായി അവസാനമാകുകയാണ്. സംഘടനയുടെ നിയമാവലി പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ നടക്കുകയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.