ബിസിനസിൽ നേരിട്ട വലിയ ചതിയെക്കുറിച്ചും തുടർന്നുണ്ടായ സാമ്പത്തിക, മാനസിക തകർച്ചയെക്കുറിച്ചും കഴിഞ്ഞ ദിവസം ഗായിക അബിരാമി സുരേഷ് തുറന്നുപറഞ്ഞിരുന്നു. ബിസിനസ്സിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ വ്യക്തി പണം നൽകാതെ മുങ്ങിയെന്നായിരുന്നു അഭിരാമിയുടെ വെളിപ്പെടുത്തല്‍. ഇതുകാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയതെന്നും അഭിരാമി പറഞ്ഞു. കേസ് നടക്കുന്നതിനാൽ വഞ്ചിച്ചയാളുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും മാനസികമായി ഏറ്റ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുകയാണ് താരം. ഇത് വെറുമൊരു സാധാരണ ഓൺലൈൻ ലോൺ തട്ടിപ്പല്ലായിരുന്നുവെന്നും ഒരു ബാങ്ക് ചെയ്യുന്നതുപോലെ, അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുന്നിൽ നിന്നുകൊണ്ടാണ് അവർ നമ്മളെ കാര്യങ്ങൾ വിശ്വസിപ്പിച്ചതെന്നും അഭിരാമി പറഞ്ഞു. ആദ്യം ഇൻസ്റ്റാഗ്രാം വഴിയാണ് ബിസിനസ് പ്രൊപ്പോസലുമായി അവർ സമീപിക്കുന്നത്. തുടർന്ന് നമ്മുടെ കമ്പനിയുടെ വിവരങ്ങളെല്ലാം പല ഘട്ടങ്ങളിലായി അവർ പരിശോധിച്ചു. നമ്മുടെ കമ്പനിക്ക് പണം തിരിച്ചുനൽകാൻ ശേഷിയുണ്ടോ എന്നൊക്കെ മനസ്സിലാക്കാൻ അവർ സർപ്രൈസ് വിസിറ്റുകൾ അടക്കം നടത്തി.
കാര്യങ്ങൾ വളരെ കൃത്യമായ ഘട്ടങ്ങളിലൂടെ നടന്നതുകൊണ്ടും വളരെ കൺവിൻസിങ് ആയതുകൊണ്ടും ഇതൊരു തട്ടിപ്പാണെന്ന് ചിന്തിക്കാൻ പറ്റിയില്ല. നിരന്തരം കോൾ ചെയ്ത് വളരെ വിശ്വസനീയമായാണ് അവർ കാര്യങ്ങൾ നീക്കിയത്. വലിയ തുകകൾ സെക്യൂരിറ്റി ഇല്ലാതെ ലോണായി തരാം എന്ന് പറയുമ്പോൾ നമ്മുടെ സ്വപ്നങ്ങളുമായി നമ്മൾ അതിനെ കണക്ട് ചെയ്തു പോകും. അല്ലാതെ ഒറ്റ കോളിൽ, പൈസ അയച്ചുതരൂ എന്ന് പറയുന്ന രീതിയായിരുന്നില്ല. അവസാന ഘട്ടത്തിൽ അങ്ങോട്ട് പ്രൊസസിങ് ഫീ കൊടുക്കേണ്ടി വന്നപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. എങ്കിലും ആദ്യ ഘട്ട നടപടികളൊക്കെ പൂർത്തിയായതുകൊണ്ടാണ് പണം നൽകിയത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതേ പോകുമ്പോൾ ആർക്കായാലും സങ്കടം ഉണ്ടാകും. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. അല്ലാതെ എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല. നിയമനടപടികൾ നടക്കുന്നതുകൊണ്ടാണ് അയാളുടെ പേര് പറയാത്തത്. കേസ് നടക്കുമ്പോൾ അയാൾക്ക് ഗുണകരമായ ഒന്നും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകരുത്.
കലിയുഗത്തിൽ നല്ലത് പങ്കുവച്ചിട്ടും കാര്യമൊന്നുമില്ല. എങ്കിലും ഇങ്ങനത്തെ ഉടായിപ്പുകൾ നടക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് വിഡിയോ ചെയ്തത്. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി നീക്കിത്തരാമെന്ന് പറഞ്ഞ് നിങ്ങളെ പലരും സമീപിക്കും. പല രീതിയിലും അവർ നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. അങ്ങനെയൊക്കെയുള്ള ആളുകൾ വന്നാൽ വിശ്വസിക്കരുത് എന്ന് പറയാൻ മാത്രമാണ് ഞാൻ വന്നത്, അഭിരാമി പറഞ്ഞു.