മോളിവുഡിലേക്ക് പുതിയ സിനിമാറ്റിക് യൂണിവേഴ്സുമായി സംവിധായകന്‍ വിനയന്‍. സംവിധായകന്‍റെ പുതിയസാമൂഹിക മാധ്യമ പോസ്റ്റ് അത്തരം സൂചനകളാണ് നല്‍കുന്നത്. ഒരു ഫാന്‍റസി സ്റ്റോറിയുമായി താന്‍ വരുന്നുവെന്നാണ് വിനയന്‍റെ പോസ്റ്റ്. ഒപ്പം കൗതുകമുള്ള ഒരു പോസ്റ്ററുമുണ്ട്.
പോസ്റ്റിലെ രൂപങ്ങള്‍ കണ്ട് ഇത് അതിശയനും അത്ഭുതദ്വീപും യക്ഷിയും ഒന്നിക്കുന്ന വിനയന്‍ സിനിമാറ്റിക് യൂണിവേഴ്സാണോ എന്നാണ് കമന്‍റില്‍ ആരാധകര്‍ ചോദിക്കുന്നത്. ആകാശഗംഗയിലെ യക്ഷിയാണോ യക്ഷിയും ഞാനും സിനിമയിലെ യക്ഷിയാണോ വരുകയെന്നും ചിലര്‍ സംശയം ഉന്നയിച്ചു. പല കമന്‍റുകള്‍ക്കും വിനയന്‍ മറുപടിയും കൊടുക്കുന്നുണ്ട്. 'ഹരി സാറിന്‍റെ കാമിയോ ഉണ്ടാകുമോ' എന്നാണ് ഒരു കമന്‍റ്. 'ഫാന്‍റസി ആയി പോയില്ലേ' എന്ന് വിനയന്‍ മറുപടിയും കൊടുത്തു. മണിയുടെ ജീവിതം ആസ്പദമാക്കിയ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയിലെ 'ഹരി സാർ' എന്ന കഥാപാത്രമായി സംവിധായകനായ വിനയനെ തന്നെയാണ് അവതരിപ്പിച്ചത്. പിന്നീട് 'ഹരി സാര്‍' ട്രോളുകളില്‍ നിറഞ്ഞിരുന്നു.
വിനയന്‍റെ കുറുപ്പ്
അങ്ങനെ "പത്തൊമ്പതാം നൂറ്റാണ്ട്" എന്ന ചരിത്ര സിനിമയ്ക്കു ശേഷം ഒരു ത്രില്ലിങ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ അനൗൺസ് ചെയ്യും. കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര. എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോർട്ടു ചെയ്തിട്ടുള്ള നിങ്ങൾ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിങ്ങും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്. നിങ്ങളുടെ അനുഗ്രഹം വേണം