സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു. യുഡിഎഫ് സർക്കാരിന്റെ നയങ്ങളോട് ചേർന്നുനിൽക്കുന്ന പുതിയ ഭരണസമിതി ഉടൻ നിലവിൽ വരുമെന്നാണ് സൂചന. പുതിയ ചെയർമാൻ സ്ഥാനത്തേക്ക് നടന്മാരായ ജഗദീഷ്, സലിംകുമാർ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
എന്നാൽ ഈ ചുമതല ഏറ്റെടുക്കാൻ താല്‍പര്യമില്ലെന്ന് ജഗദീഷ് അറിയിച്ചതായും വിവരങ്ങളുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലായിരുന്നു റസൂൽ പൂക്കുട്ടി അക്കാദമി അധ്യക്ഷനായി എത്തിയത്. രഞ്ജിത്തിന്റെ രാജിക്ക് ശേഷം താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിനെ ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നീക്കിയാണ് റസൂൽ പൂക്കുട്ടിക്ക് ചുമതല നൽകിയത്.
ഏതാണ്ട് ഒരു വർഷത്തോളമായി അദ്ദേഹം ഈ സ്ഥാനത്ത് തുടരുകയായിരുന്നു. എക്കാലത്തും വിവാദങ്ങൾക്ക് വേദിയായിട്ടുള്ള ചലച്ചിത്ര അക്കാദമിയുടെ പുതിയ തലപ്പത്തേക്ക് ആരെത്തുമെന്നത് ഏറെ ശ്രദ്ധേയമാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.