Image: instagram.com/manju_pathrose_official
ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ‘സബ്‌സ്‌ക്രിപ്ഷൻ’ തരംഗമാണ്. കോണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ ഇഷ്ട ഫീച്ചറായികൊണ്ടിരിക്കുകയാണ് ‘സബ്‌സ്‌ക്രിപ്ഷൻ’. കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഉപയോക്താക്കളിൽനിന്നും നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്നു എന്നതാണ് ഈ ഫീച്ചറിനെ ജനപ്രിയമാക്കുന്നത്. ഇഷ്ട സോഷ്യല്‍ മീഡിയ താരങ്ങളുടെ അക്കൗണ്ടുകള്‍ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നതുവഴി അവരുടെ പ്രത്യേക കണ്ടന്റ് (exclusive content) നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആരംഭിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസും. ‘ഞാനും തുടങ്ങി സബ്സ്ക്രിപ്ഷൻ’ എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം മഞ്ജു അറിയിക്കുന്നത്.
പലരും ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നത് കാരണം ഇക്കാര്യം അറിയിക്കാന്‍ തന്നെ തനിക്ക് മടിയാകുന്നെന്ന് പറഞ്ഞാണ് മഞ്ജു വിഡിയോ ആരംഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷന്‍റെ അറിയിപ്പ് വന്നെന്നും എന്നാല്‍ പിന്നെ താനും ഒരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാം എന്ന് വിചാരിച്ചുവെന്നും മഞ്ജു പറയുന്നു. ‘ഈ സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചുപേര് ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്’– മഞ്ജു പറഞ്ഞു.
പിന്നാലെ തന്റെ സബ്‌സ്‌ക്രിപ്ഷൻ പേജിൽ ആരാധകർക്ക് എന്തെല്ലാം ലഭിക്കുമെന്നും മഞ്ജു വ്യക്തമാക്കി. ‘കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട. എന്റെ ജീവിത യാത്രകൾ. എന്റെ ജീവിതാനുഭവങ്ങൾ, ചെറിയ യാത്രകൾ, എന്നെ വിഷമിപ്പിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്’– മഞ്ജു വ്യക്തമാക്കി.
ഇതിനകം രണ്ടുപേര് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെന്നും അഞ്ചുപേര് ആയാലും താന്‍ കണ്ടന്‍റ് ചെയ്യുമെന്നും മഞ്ജു പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽ വിഡിയോ ചെയ്തു തുടങ്ങുമെന്നും മഞ്ജു വ്യക്തമാക്കി. നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് മഞ്ജുവിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനുള്ളത്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചാണ് മഞ്ജു കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നാലെ മറിമായത്തിലെ അഭിനയത്തിലൂടെ പ്രശസ്തയാകുകയായിരുന്നു.