കാന്‍സ് ചലച്ചിത്ര മേള വേദിയിലെ നടി ആലിയ ഭട്ടിന്‍റെ സാന്നിധ്യം ഇന്ന് ചര്‍ച്ചയായിരുന്നു. താരം റെഡ് കാര്‍പ്പറ്റിലേക്ക് നടന്നുവന്നപ്പോള്‍ പാപ്പരാസികള്‍ അവഗണിച്ച വിഡിയോ ആണ് വലിയ തോതില്‍ പ്രചരിച്ചത്.
ബ്ലഷ് പീച്ച് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ആലിയ വേദിയിലേക്ക് എത്തിയത്. എന്നാല്‍ ആലിയ റെഡ് റെഡ് കാര്‍പ്പറ്റിലേക്ക് പ്രവേശിപ്പോള്‍ മിക്ക പാപ്പരാസികളും അവഗണിച്ചു. പലരും ക്യാമറ താഴ്ത്തുകയും മറ്റ് സെലിബ്രിറ്റികളെ ശ്രദ്ധിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ചുരുക്കം ചിലര്‍ ചിത്രങ്ങളെടുക്കുകയും ചെയ്തു. പാപ്പരാസികള്‍ അവഗണിച്ചെങ്കിലും ആലിയ ആത്മവിശ്വാസത്തോടെ മറുവശത്തേക്ക് തിരിയുകയും മുന്നോട്ട് നടക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ആലിയയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലി ഗോണി. ഇന്ത്യയെ ലോക വേദികളിൽ എത്തിക്കാൻ ഇത്രയധികം കഠിനാധ്വാനം ചെയ്ത ഒരാളെ സ്വന്തം ആളുകൾ തന്നെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് സങ്കടകരമാണെന്ന് അലി പറഞ്ഞു.
പരിഹസിക്കുന്നതിനും കളിയാക്കുന്നതിനും പകരം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പേര് തിളക്കമുള്ളതാക്കുന്നവരെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും വേണം. നാം നമ്മുടെ ആളുകളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുമ്പോഴല്ല, ഉയർത്തിപ്പിടിക്കുമ്പോഴാണ് കൂടുതൽ ഉയരങ്ങളിലെത്തുന്നത് എന്നും അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ കുറിച്ചു.