പുതിയ ചിത്രമായ അങ്കം അട്ടഹാസം റിലീസിന് പിന്നാലെ നടന്‍ മാധവ് സുരേഷിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. മാധവ് അഭിനയം മെച്ചപ്പെടുത്തണമെന്ന് ചിലര്‍ ഉപദേശിച്ചപ്പോള്‍ കടുത്ത പരിഹാസമാണ് മറ്റ് ചിലര്‍ നടത്തിയത്.
മാധവ് സുരേഷ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ. 'അങ്കം അട്ടഹാസം' പുറത്തിറങ്ങിയതിന് പിന്നാലെ ധാരാളം പോപ്പ്- അപ്പ് വിഡിയോകളും ഓൺലൈനിൽ നെഗറ്റിവിറ്റിയും കാണുന്നുവെന്നും മാധവിനെ നിരന്തരം ലക്ഷ്യമിടുന്ന, യൂട്യൂബ് വരുമാനത്തിൽ ജീവിക്കുന്ന റിവ്യൂവർമാരേയും കാണുന്നുണ്ടെന്നും സാജിദ് പറഞ്ഞു.
സിനിമ നല്ലതാണോ മോശമാണോ എന്ന് പറയാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. സിനിമ എപ്പോഴും വ്യക്തിപരമാണ്. എന്നാൽ എനിക്കൊരു കാര്യം പറയാനുള്ളത്, കഴിവ് തെളിയിക്കാൻ മാധവിന് അല്‍പം സമയം നൽകണം എന്നാണ്. 23 വയസ്സുള്ള ഒരു യുവനടനെ ഏറ്റവും മോശമായി രീതിയില്‍ ഉന്നമിടുന്നത് നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നും സാജിദ് യഹിയ ചോദിച്ചു.
സിനിമയോടും സ്വന്തം കരിയറിനോടും വലിയ താല്‍പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം സ്വാഭാവികമായി പെരുമാറുന്നു എന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടകാര്യം. സിനിമാമേഖലയിലെ പലരേയും പോലെ അദ്ദേഹം അഭിമുഖങ്ങളിൽ അഭിനയിക്കുന്നില്ല. യഥാർഥത്തിൽ എന്താണോ അതുപോലെ, നിഷ്‌കളങ്കനായി അദ്ദേഹം കാണപ്പെടുന്നു.
അദ്ദേഹത്തിന് ഇടംകൊടുക്കൂ, പിന്തുണയ്ക്കൂ. അദ്ദേഹത്തെ വളരാൻ അനുവദിക്കു. പരാജയങ്ങളിൽനിന്നും പഠിച്ച് ശക്തനായി തിരിച്ചുവരട്ടെ. അങ്ങനെയാണ് ഓരോ നല്ല നടനും ഉണ്ടാവുന്നത്. ആരും ഒറ്റരാത്രികൊണ്ട് ഇതിഹാസങ്ങളാവുന്നില്ല. മാധവ്- ആ ഊർജ്ജവും സത്യസന്ധതയും നിലനിർത്തൂ. എപ്പോഴും ആ തീ ഉള്ളിൽ നിലനിർത്തൂ. സിനിമ എപ്പോഴും ശരിയായ ആളുകളെ തിരഞ്ഞെടുക്കും, യഥാർഥ വ്യക്തിത്വമുള്ളവർ എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽച്ചേക്കേറും', സാജിദ് യഹിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.