vijay-ronny

Image Credit : Facebook

തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചുകൊണ്ട് നടന്‍ വിജയ് അധ്യക്ഷനായ ടിവികെ മുന്നേറുമ്പോള്‍ നടനും തിരക്കഥാകൃത്തുമായ ഡോ.റോണി ഡേവിഡ് രാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വിജയ് ഭരണത്തിലേറിയാല്‍ അഴിമതിയുണ്ടാകില്ലൊണ് റോണി തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണ വേളയിൽ ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ വിജയ്​ക്ക് ഈ ധൈര്യം എങ്ങനെ വന്നുവെന്ന് പലകുറി ചിന്തിച്ചിട്ടുണ്ടെന്നും റോണി തന്‍റെ കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് വിജയ്​ക്ക് ആശംസകള്‍ നേര്‍ന്ന് റോണി കുറിപ്പ് പങ്കുവച്ചത്.

റോണിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ....

'പ്രചാരണ വേളയിൽ ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ സാമ്പത്തിക സ്രോതസ് ഒരു പരിധിവരെ വിജയ് സിനിമകളാണ് എന്ന് പ്രതിയോഗികള്‍ വരെ സമ്മതിക്കും. ഇരുന്നൂറ് കോടി ശമ്പളം കൈ പറ്റുന്ന ആൾ, അയാൾ ഭരണം കൈ പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഒരു ആരാധകനെന്ന നിലയിൽ എല്ലാ ആശംസകളും നേരുന്നു' എന്ന് റോണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം വിജയക്കൊടി പാറിച്ച് മുന്നോട്ടുകുതിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. തമിഴ്നാട്ടില്‍ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ് മല്‍സരിച്ച് രണ്ടിടത്തും താരം തന്നെയാണ് മുന്നില്‍. വന്‍ തിരിച്ചടിയാണ് എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ നേരിടുന്നത്. 106 മണ്ഡലങ്ങളില്‍ ടിവികെയാണ് മുന്നില്‍. 

ENGLISH SUMMARY:

Actor Vijay's political party, TVK, is making significant strides in Tamil Nadu politics, potentially changing the state's political landscape. Actor and screenwriter Dr. Ronnie David Raj shared a note supporting Vijay, expressing confidence that his rule would be free from corruption and highlighting Vijay's financial influence in the South Indian film industry.