റിലീസ് ചെയ്ത് ഒരു മാസമായിട്ടും തിയേറ്ററിലും സോഷ്യല്‍ മീഡിയയിലും തരംഗമായി തന്നെ തുടരുകയാണ് 'വാഴ 2'. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ അടിച്ചുകോറുകയായിരുന്നു. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും ഹിറ്റായിരുന്നു. ഇക്കൂട്ടത്തില്‍ കലാഭവന്‍ മണിയുടെ 'കൊച്ചു കുഞ്ഞിന്‍റച്ഛനൊരു' എന്ന പാട്ടിന്‍റെ റീമിക്സ് വേര്‍ഷന്‍ ശ്രദ്ധ നേടിയിരുന്നു. ഈ പാട്ടിനൊപ്പം വന്ന ആക്ഷന്‍ രംഗം കൂടിയാണ് രംഗത്തെ കൂടുതല്‍ തീവ്രമാക്കിയത്.
പാട്ടിന്‍റെ ഒഫീഷ്യല്‍ വിഡിയോ കൂടി പുറത്തുവന്നതോടെ എഡിറ്റ് ചെയ്ത എഐ വിഡിയോകളും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന ഐപിഎല്‍ വേര്‍ഷന്‍ വൈറലാവുകയാണ്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് 'വാഴ 2' ഐപിഎല്‍ വേര്‍ഷനില്‍ വന്നിരിക്കുന്നത്. സുരേഷ് റെയ്നയെ തല്ലിയ ഹര്‍ദിക് പാണ്ഡ്യയേയും ജസ്പ്രീത് ബുംറയേയും പേടിപ്പിക്കുന്ന രോഹിത് ശര്‍മയെ ആണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ ഇത് ചോദിക്കാന്‍ വരുന്ന ചേട്ടനായ ധോണിയേയും ചേട്ടന്‍റെ കൂട്ടുകാരനായ സഞ്ജു സാംസണേയും കാണാം.
രസകരമായ കമന്‍റുകളും വിഡിയോക്ക് ലഭിക്കുന്നുണ്ട്. ചേട്ടനും ചേട്ടന്‍റെ കൂട്ടുകാരനും വിഡിയോ തൂക്കി എന്നാണ് കമന്‍റ് ബോക്സ് പറയുന്നത്. ശരിക്കും വിഡിയോ തിരഞ്ഞല്ലേ വരേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം. സിഎസ്കെ ടീമില്‍ ജഡേജ കൂടി വേണമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ദി മാര്‍ക്കെറ്റിങ് ജീനിയസ് എഐ എന്ന പേജിലാണ് വിഡിയോ വന്നത്. വിഡിയോ വിപിന്‍ ദാസും പങ്കുവച്ചിട്ടുണ്ട്. ഇതേ പേജിന്‍റെ വാഴ 2 90സ് വേര്‍ഷനും വിപിന്‍ പങ്കുവച്ചിരുന്നു.
നവാഗത സംവിധായകനായ എസ്. സവിൻ ആണ് 'വാഴ 2' സംവിധാനം ചെയ്തത്. ഇതിനോടകം തന്നെ 'വാഴ 2' 200 കോടിക്ക് മേല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ചിട്ടുണ്ട്. വിപിന്‍ ദാസാണ് ചിത്രം നിര്‍മിച്ചത്. ബിജു കുട്ടന്‍, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.