തെന്നിന്ത്യന്‍ താര തൃഷ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇത്തവണ താരത്തിന് തന്‍റെ പിറന്നാള്‍ അല്‍പം കൗതുകമുള്ളതാവും. കാരണം ഇന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്നാട്ടിലും വോട്ടെണ്ണല്‍ ദിനമാണ്. പിറന്നാള്‍ ദിനത്തില്‍ താരം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇത്തവണ തമിഴ് രാഷ്ട്രീയത്തിലേക്ക് തൃഷയുടെ പേരും വലിച്ചിഴക്കപ്പെട്ടിരുന്നു. സിനിമ ഉപേക്ഷിച്ച് പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്ക്കൊപ്പമാണ് തൃഷയുടെ പേര് ചര്‍ച്ചയായത്. വിജയ്യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന ചര്‍ച്ചകളുയര്‍ന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കി. പിന്നാലെ ഇരുവരും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയതും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു.
വോട്ടെടുപ്പ് ദിനത്തിലും തൃഷ ശ്രദ്ധാകേന്ദ്രമായി. വോട്ട് ചെയ്തതിന് ശേഷം വിജയ് ചിത്രം 'ഗില്ലി'യിലെ പാട്ടിനൊപ്പമാണ് തന്‍റെ ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിസിലടിച്ചുകൊണ്ട് തുടങ്ങുന്ന 'അര്‍ജുനര് വില്ല്' എന്ന പാട്ടായിരുന്നു താരം തിരഞ്ഞെടുത്തത്. വിജയ്യുടെ ചിഹ്നവും വിസില്‍ തന്നെ.