bruce-willies

TOPICS COVERED

മറവിരോഗത്തിന്‍റെ ഗൗരവം എത്രത്തോളമാണെന്ന് ബ്ലെസിയുടെ തന്‍മാത്ര സിനിമ മലയാളികളെ വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കുടുംബം അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നേരിടേണ്ടി വരുന്ന വേദന ഒരോ മലയാളിയേയും വേദനിപ്പിക്കും. അത്തരം ഒരു വേദനാജനകമായ വാര്‍ത്തയാണ് യുഎസില്‍ നിന്ന് പുറത്തുവരുന്നത്. 90സ് കിഡ്സില്‍ പലരുടെയും ഇഷ്ടനടനും ഹോളിവുഡ് ഇതിഹാസവുമായ ബ്രൂസ് വില്ലിസിന്‍റെ മറവിരോഗത്തെക്കുറിച്ച് ഭാര്യ എമ്മ ഹേമിങ് വില്യംസ് പുറത്തിറക്കിയ പ്രസ്താവനയാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 70കാരനായ നടന് ഫ്രോണ്ടോടെംപോറല്‍ ഡിമെന്‍ഷ്യ (Frontotemporal Dementia) ബാധിച്ചതായി കുടുംബം സ്ഥിരീകരിച്ചിരുന്നു. 

തലച്ചോറിന് പരുക്ക് പറ്റി സംസാരശേഷിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന അപേഷ്യ (Apatia) എന്ന അവസ്ഥ 2022ലാണ് ബ്രൂസ് വില്ലിസിനുണ്ടെന്ന് കണ്ടെത്തിയത്. പക്ഷെ ചികിത്സയ്ക്കും അപ്പുറത്തേക്കെത്തിയിരുന്നു രോഗാവസ്ഥ. തുടര്‍ന്ന് അത് ഫ്രോണ്ടോടെംപോറല്‍ ഡിമെന്‍ഷ്യ ആയി പരിണമിക്കുകയായിരുന്നു. അസുഖം ബാധിച്ച ഒരാളുടെ ഓര്‍മ പതിയെ ക്ഷയിച്ച് ഇല്ലാതാവും. സംസാരശേഷിയും ക്രമേണ ചലനശേഷിയും ഇല്ലാതാകുന്നതോടെ കിടക്കയില്‍ മാത്രമായി ജീവിതം ഒതുങ്ങും.  മറവിയുടെയും ഓര്‍മയുടെയും ഇടയിലാണ് നിലവില്‍ നടന്‍റെ ജീവിതം.

തന്‍റെ ഭര്‍ത്താവിന്‍റെ അവസ്ഥ ഭാര്യ എമ്മയാണ് ലോകത്തോട് തുറന്നുപറഞ്ഞത്. സിനിമാ കരിയറിനെക്കുറിച്ചോ, തന്‍റെ സിനിമകളെക്കുറിച്ചോ നടന് ഓര്‍മയില്ലെന്ന് എമ്മ വ്യക്തമാക്കുന്നു. തന്‍റെ ഭര്‍ത്താവ് ഈ ലോകത്തെ അധികം വൈകാതെ വിട്ടുപിരിയുമെന്ന യാഥാര്‍ഥ്യത്തോട് എമ്മ പൊരുത്തപ്പെട്ടുകഴിഞ്ഞു. മക്കളിലേക്കും തന്നിലേക്കും ചുരുങ്ങിയിരിക്കുകയാണ് വില്ലിസ്സിന്‍റെ ഓര്‍മ. വില്ലിസില്ലാത്ത ഒരു കാലത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്നും എങ്കിലും അതും കടന്നുപോകാന്‍ തങ്ങള്‍ തയാറാവുന്നുവെന്നും എമ്മ പറയുന്നു. വില്ലിസ്സിന്‍റെ തലച്ചോറ് മരണശേഷം ഈ അസുഖത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഉപകാരപ്പെടുമെന്നും, സ്വന്തം പേരും കുടുംബത്തെയും മറന്നുള്ള മരണം ആര്‍ക്കും വരരുതെന്നും എമ്മ പ്രത്യാശിക്കുകയാണ്.

ഡൈ ഹാര്‍ഡ്, സിക്സ്ത് സെന്‍സ്, ലൂപ്പര്‍, പള്‍പ്പ് ഫിക്ഷന്‍ എന്നിവ വില്ലിസ്സിന്‍റെ പ്രമുഖ സിനിമകളില്‍ ചിലതാണ്. 40 വര്‍ഷത്തോളം നീണ്ട സിനിമാ കരിയറില്‍ നിരവധി ഹിറ്റുകളാണ് നടന്‍റെ കൈമുതലായുള്ളത്. 13ഉം 11ഉം വയസുള്ള രണ്ട് കുട്ടികളാണുള്ളത്. നിലവില്‍ 24 മണിക്കൂറും ചികില്‍സയുള്ള ഒരു കെയര്‍ ഹോമിലാണ് വില്ലിസ്സിനെ പാര്‍പ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Bruce Willis dementia has brought the seriousness of memory loss to the forefront for many, especially after Malayalam cinema powerfully depicted its impact. His wife Emma Heming Willis's announcement about his Frontotemporal Dementia has deeply saddened fans worldwide.