Image Credit;X
നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കാനൊരുങ്ങുന്ന നടി സായ് പല്ലവിക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക ആക്രമണം. താരത്തിന്‍റെ പുതിയ ബോളിവുഡ് ചിത്രമായ 'ഏക് ദിൻ' പ്രചാരണ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടിയതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ആമിർ ഖാൻ നിർമിച്ച് ജുനൈദ് ഖാൻ നായകനാകുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിയിൽ, സായി പല്ലവിയോടും എന്തെങ്കിലും ഒന്ന് സംസാരിക്കണമെന്ന് അവതാരക അവശ്യപ്പെട്ടിരുന്നു. സംസാരത്തിനിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ് വിമർശകർ താരത്തിനെതിരെ രംഗത്തെത്തിയത്.
അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത സായ് പല്ലവിയാണോ രാമായണത്തിൽ സീതയായി അഭിനയിക്കുന്നത് എന്നാണ് നെറ്റിസണ്‍സിന്‍റെ ചോദ്യം. നിതേഷ് തിവാരിയുടെ കാസ്റ്റിങ് പാളിപ്പോയെന്നും, സീതാദേവിയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഹിന്ദി നന്നായി അറിയുന്നവർ വേണമെന്നും പലരും എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. മുമ്പ് താരം ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ വീണ്ടും കുത്തിപ്പൊക്കി അതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രൺബീർ കപൂര്‍ സായി പല്ലവി കെമിസ്ട്രി വര്‍ക്കാവില്ലെന്നും എന്നാല്‍ മൃണാൾ താക്കൂർ വന്നിരുന്നെങ്കിൽ മികച്ച കാസ്റ്റിങ് ആയേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, സായ് പല്ലവിയെ പിന്തുണച്ചും വലിയൊരു വിഭാഗം ആരാധകർ രംഗത്തുണ്ട്. അഭിനയവും ഭാഷാ വൈദഗ്ധ്യവും രണ്ടാണെന്നും വർഷങ്ങളായി ബോളിവുഡിൽ തിളങ്ങുന്ന കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് സായ് പല്ലവിക്കുള്ളതെന്നും ഇവർ ചോദിക്കുന്നു. ഗായകർ അന്യഭാഷകളിൽ പാടുന്നത് പോലെ നടീനടന്മാർക്ക് ഡയലോഗുകൾ മനഃപാഠമാക്കി കൃത്യമായി അവതരിപ്പിക്കാൻ കഴിയുമെന്നും, ഒരു അഭിമുഖത്തിൽ സംസാരിക്കാൻ കഴിയാത്തത് അഭിനയശേഷിയെ ബാധിക്കില്ലെന്നും സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
വിവാദങ്ങൾക്കിടയിലും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഏക് ദിൻ' വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2016-ൽ പുറത്തിറങ്ങിയ തായ് ചിത്രം 'വൺ ഡേ'യുടെ ഔദ്യോഗിക റീമേക്കാണിത്. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 1-ന് തിയറ്ററുകളിലെത്തും. ഭാഷാപരമായ പരിമിതികളെ തന്റെ അഭിനയമികവ് കൊണ്ട് സായ് പല്ലവി മറികടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.