Image Credit: instagram.com/tharakalyan
ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ ഇഷ്ട ഫീച്ചറാണ് ‘സബ്സ്ക്രിപ്ഷന്‍’. പൊതുവേ യുവതലമുറയാണ് ഈ ഫീച്ചര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെങ്കിലും ഇപ്പോള്‍ പ്രായഭേദമന്യേ വ്യത്യസ്ത വിഷയങ്ങളില്‍ കോണ്ടന്‍റുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ സബ്സ്ക്രിപ്ഷനിലേക്ക് ചുവടുമാറ്റുന്നുണ്ട്. എന്നാല്‍ അനുചിതമായ ഉള്ളടക്കങ്ങളാണ് സബ്സ്ക്രിപ്ഷന്‍ ഫീച്ചര്‍ വഴി പങ്കുവയ്ക്കപ്പെടുന്നത് എന്ന വിമര്‍ശനവും സജീവമാണ്. ഇതിനിടയിലാണ് വ്യത്യസ്ത ആശയവുമായി ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ലോകത്തേക്ക് താരാ കല്യാണിന്‍റെ കടന്നുവരവ്.
സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നതിനെ കുറിച്ചും താന്‍ എന്താണ് ഇതിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ചും വ്യക്തമാക്കിയുള്ള വിഡിയോ താരാ കല്യാണ്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. താന്‍ ഒരുപാട് കാലമായി നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയിട്ടെന്നും എന്നും അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും താരാ കല്യാണ്‍ വിഡിയോയില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഏറെ സജീവമായ ഇക്കാലത്ത് ഇന്‍സ്റ്റഗ്രാമിലെ തന്‍റെ ചാനലിലൂടെ നൃത്തം പഠിപ്പിക്കുക എന്ന ആശയമാണ് സബ്സ്ക്രിപ്ഷന്‍ ഫീച്ചറിലൂടെ മുന്നോട്ടുവയ്ക്കുന്നത് എന്ന് താരാ കല്യാണ്‍ പറയുന്നു.
താരാ കല്യാണിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന്‍ എടുക്കുന്നതിലൂടെ ഏറ്റവും പോപ്പുലറായിട്ടുള്ള സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ക്കായി ചുവടുവയ്ക്കാന്‍ പഠിക്കാം. ഒരുമാസം കൊണ്ട് ഒരു പാട്ടിനുള്ള നൃത്തം മുഴുവനായും പഠിച്ചെടുക്കാം. ഒരുമാസത്തേക്ക് 299 രൂപയാണ് സബ്സ്ക്രിപ്ഷന്‍ ഫീ. താരയുടെ ഏറ്റവും പുതിയ പോസ്റ്റ് പ്രകാരം സബ്സ്ക്രിപ്ഷനിലൂടെയുള്ള നൃത്ത പഠനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഉപയോക്താക്കളിൽനിന്നും നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാം ഫീച്ചറാണ് ‘സബ്സ്ക്രിപ്ഷന്‍’. നിങ്ങളുടെ ഇഷ്ട സോഷ്യല്‍ മീഡിയ താരങ്ങളുടെ അക്കൗണ്ടുകള്‍ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നതുവഴി അവരുടെ പ്രത്യേക കണ്ടന്റ് (exclusive content) നിങ്ങള്‍ക്ക് ലഭിക്കും. താരാ കല്യാണ്‍ മാത്രമല്ല, താരാ കല്യാണിന്‍റെ മകള്‍ സൗഭാഗ്യ വെങ്കിടേഷും നേരത്തെ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങിയിരുന്നു. മാത്രമല്ല, അഹാന കൃഷ്ണയും സഹോദരിമാരും, അന്ന രാജൻ, രേണു സുധി, മറീന മൈക്കിൾ തുടങ്ങിയവര്‍ക്കും ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനുണ്ട്. നേരത്തേ, ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പേർ സബ്‌സ്‌ക്രൈബ് ചെയ്ത പേജ് എ. അശ്വിനിയുടെ പർപ്പിൾ ഹാൽസിയോൺ (purplehalcyon) എന്ന പേജായിരുന്നു എന്നതും വാര്‍ത്തയായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ താര കല്യാണ്‍ ടിക്ടോക് കാലം മുതൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നൃത്ത വിഡിയോകളും കുടുംബത്തിന്‍റെ വിശേഷങ്ങളുമെല്ലാം താര ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. താര മാത്രമല്ല മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകൻ അർജുൻ സോമശേഖരനും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. നിലവില്‍ 1.7 ലക്ഷം ഫോളോവേഴ്സാണ് താര കല്യാണിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.