സിനിമയുടെ എഡിറ്റിങ്ങില്‍ നായകന്മാര്‍ ഇടപെടുന്നതായി എഡിറ്റര്‍മാരുടെ സംഘടനാപ്രതിനിധികളില്‍ നിന്ന് പരാതി ലഭിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. നടന്മാരുടെ നിര്‍ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് അവര്‍ ഒരു വഴിയാവുന്നു എന്നാണ് പറയുന്നത്. ഒരു കാര്യം ഉറപ്പിച്ച് പറയാം. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും ഒപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി. ഒരു നടനും മലയാളത്തില്‍ ഗോസ്റ്റ് ഡയറക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് പരാതികള്‍ കിട്ടിയിട്ടില്ല. സിനിമ പരാജയപ്പെട്ടാല്‍ വൈകാരികമായ പ്രശ്നങ്ങളൊക്കെയുണ്ടാവും, പക്ഷേ നടന്‍ സിനിമ സംവിധാനം ചെയ്തതെന്ന് നിര്‍മാതാവ് പറയുന്നത് മോശമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 

സിനിമാ നിർമ്മാണത്തെത്തുടർന്നുണ്ടായ ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചും താൻ നേരിട്ട ചതിയെക്കുറിച്ചും നിർമ്മാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. താന്‍ ചതിയില്‍പ്പെട്ടുവെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും മുരളി പറഞ്ഞിരുന്നു. 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെക്കുറിച്ച് മുരളി പറയുന്നുണ്ട്. സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും മുരളി പറയുന്നു. മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നും മുരളി കുന്നുംപുറത്ത് പറഞ്ഞിരുന്നു. 

പിന്നാലെ തിരിച്ചടിച്ച് 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സുമതി വളവിന് വലിയ ബജറ്റ് ആകുമെന്ന് അറിയിച്ചിരുന്നുവെന്നും ഒരു താരത്തിനും പണം പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. നഷ്ടം വന്നെന്ന് പറയുന്ന സമയത്തും വെളളം സിനിമ തമിഴില്‍ റീമേക്ക് ചെയ്യാന്‍ അഡ്വാന്‍സ് നല്‍കി. പി.ആര്‍ വര്‍ക്കിലൂടെ തന്നെ ആക്രമിക്കുകയാണെന്നും അഭിലാഷ് ആരോപിച്ചിരുന്നു. 

ENGLISH SUMMARY:

FEFKA General Secretary B. Unnikrishnan has addressed concerns regarding actors interfering in the film editing process, asserting that creative control must remain with directors and technicians. This statement comes amid a public dispute involving producer Murali Kunnumpurath, who claimed significant financial losses and alleged that actor Unni Mukundan directed the film Malikappuram. While Kunnumpurath expressed deep personal and financial distress, crew members like scriptwriter Abhilash Pillai have countered these claims, citing budget awareness and ongoing professional investments. The controversy highlights growing tensions between producers, actors, and technicians within the Malayalam film industry over creative boundaries and financial accountability.