Image; Instagram,divyankaasirohi
പ്രശസ്ത ഹരിയാന്‍വി നടി ദിവ്യങ്ക സിരോഹി അന്തരിച്ചു.30 വയസായിരുന്നു. ഹരിയാന്‍വി സംഗീതലോകത്തെ അറിയപ്പെടുന്ന കാലാകാരിയായ ദിവ്യങ്കയുടെ മരണം ആരാധകരേയും സിനിമാമേഖലയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. രാജ്‌നഗർ എക്സ്റ്റൻഷനിലെ വീട്ടിൽ വെച്ച് പെട്ടെന്ന് ആരോഗ്യനില വഷളാവുകായായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തളര്‍ന്നുവീണ ദിവ്യങ്കയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീഴ്ചയിലാണോ എന്നറിയില്ല ദിവ്യങ്കയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വളരെ സജീവമായിരുന്ന ദിവ്യങ്കയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 50ലധികം ഹരിയാൻവി ഗാനങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിവ്യങ്ക സുനന്ദ ശർമ്മയുടെ ‘മേരി മമ്മി നു പസന്ദ് നി തു’ എന്ന വൈറൽ വീഡിയോയിലൂടെയാണ് ജനപ്രീതി നേടിയത്.
സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ദിവ്യങ്കയെ അവശനിലയില്‍ കണ്ടതെന്നും സൂചനകളുണ്ട്. നേരത്തേ തന്നെ നല്ല സുഖമില്ലെന്ന് ദിവ്യങ്ക സൂചിപ്പിച്ചിരുന്നതായും സഹോദരന്‍ പറയുന്നു. ദിവ്യങ്കയെ കണ്ടപ്പോള്‍ ശരീരത്തില്‍ വീക്കം സംഭവിച്ചതായും അനുഭവപ്പെട്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പ്രാഥമികമായി ഹൃദയാഘാതം സംഭവിച്ചതാണെന്ന സൂചനകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രശസ്ത ഗായകൻ മസൂം ശർമയുമായി ചേര്‍ന്നു സൃഷ്ടിച്ച ഗാനങ്ങളെല്ലാം ഏറെ പ്രശംസ നേടിയവയായിരുന്നു. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹരിയാൻവി കലാകാരൻ മൻജീതുള്‍പ്പെടെയുള്ള പ്രമുഖര്‍ ദിവ്യങ്കയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.