ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച് മൺമറഞ്ഞ അതുല്യ ഗായിക ആശാ ഭോസ്‌ലെ അവസാനമായി പാടിയത് മലയാളിയായ സംഗീത സംവിധായകന് വേണ്ടി. ആലപ്പുഴ നൂറനാട് സ്വദേശി സജീവ് മംഗലത്തിനിത് മനം നിറയ്ക്കുന്ന നിയോഗം.
ആൻ ഇഡിയറ്റ് ആൻഡ് ബ്യൂട്ടിഫുൾ ലയർ എന്ന ഹിന്ദി ചലച്ചിത്രത്തിനുവേണ്ടി സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ആ ഗാനം പാടുന്നത് സ്വപ്ന ഗായിക ആശാ ഭോസ്‌ലെയായിരിക്കുമെന്ന് സജീവ് അറിഞ്ഞതേയില്ല.
മലയാളത്തിൽ ചുവടുറപ്പിക്കാൻ ഉള്ള ശ്രമത്തിനിടെ കിട്ടിയ അവസരം. പ്രിയ ഗായികയെ കണ്ടപ്പോൾ അതിശയം. ആദ്യമായി ഒരു മലയാളി സംവിധായകന് വേണ്ടി ആശ ഭോസ്‌ലെ പാടുന്നെന്ന അഭിമാനം.
പ്രണയസൗന്ദര്യ ഭാവനകളെ വികാരദീപ്തമാക്കിയ ആ ശബ്ദത്തിൽ മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ ഗാനം പുറത്തിറങ്ങിയപ്പോൾ പക്ഷേ ആശാ ഭോസ്‌ലെ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. പ്രിയ ഗായിക പകർന്നു തന്ന ഊർജ്ജത്തിൽ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് സജീവ്.