TAGS

വിഖ്യാത ഗായകനും വൺ ഡയറക്ഷൻ ബാൻഡിലെ മുൻ അംഗവുമായ സെയ്ന്‍ മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്‍റെ അഞ്ചാമത്തെ ആല്‍ബം പുറത്തിറങ്ങുന്ന ദിവസം തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താൻ സുഖം പ്രാപിച്ചുവരികയാണെന്ന് താരം അറിയിച്ചെങ്കിലും രോഗവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം സെയ്ൻ പങ്കുവെച്ചത്.

'എന്റെ ആരാധകരോട്, ഇപ്പോഴും എപ്പോഴുമുള്ള നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. ഒരു നീണ്ട ആഴ്ചയായിരുന്നു കടന്നുപോയത്. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ഈ ആഴ്ച നിങ്ങളെ കാണാൻ കഴിയാത്തതിൽ ഹൃദയം തകർന്നിരിക്കുന്നു. നിങ്ങളില്ലാതെ ഞാൻ ഇന്ന് ഈ സ്ഥാനത്ത് എത്തുമായിരുന്നില്ല. എന്റെ അവസ്ഥ മനസ്സിലാക്കിയതിന് നന്ദി.

എന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദ്രോഗ വിദഗ്ധനും മറ്റെല്ലാ ആശുപത്രി ജീവനക്കാർക്കും എന്നെ സഹായിച്ച മറ്റുള്ളവർക്കും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങളെല്ലാവരും ഇതിഹാസങ്ങളാണ്. ഒരുപാട് സ്നേഹം,' സെയ്ന്‍ കുറിച്ചു. 

രോഗത്തെ പറ്റി വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും കുറിപ്പിൽ കാർഡിയോളജിസ്റ്റ് എന്ന് പരാമർശിച്ചത് ആരാധകർക്കിടയിൽ വലിയ ആശങ്കയായിരിക്കുകയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളാണോ എന്ന് സെയ്നോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ലണ്ടനിലും കിങ്സ്റ്റണിലും നടക്കേണ്ടിയിരുന്ന ആൽബം ലോഞ്ച് പരിപാടികൾ മാറ്റിവെച്ചു. സെയ്ൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനകളിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.

ENGLISH SUMMARY:

Zayn Malik has been hospitalized on the same day his fifth album was released. The former One Direction singer shared an update from the hospital, assuring fans he is recovering while keeping the specific details of his condition private.