babu-rdx

TOPICS COVERED

 ആര്‍ഡിഎക്സ് സിനിമയിലെ തന്‍റെ ക്ലൈമാക്സ് രംഗത്തിന് അല്‍പം കൂടി ദൈര്‍ഘ്യം വേണമെന്ന് ആഗ്രഹിച്ചിരുന്നതായി നടന്‍ ബാബു ആന്‍റണി. മനോരമന്യൂസ് നേരേ ചൊവ്വേയിലാണ് നടന്‍റെ തുറന്നുപറച്ചില്‍. തന്‍റെ ദൈര്‍ഘ്യമുള്ള സംഘട്ടനരംഗം പ്രേക്ഷകര്‍ പ്രതീക്ഷിക്കുമെന്ന് അണിയറ പ്രവര്‍ത്തകരോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു മറുപടിയെന്നും ബാബു ആന്‍റണി പറഞ്ഞു.

പുതിയ സിനിമകളില്‍ സ്ഥാനം കിട്ടിയാലും കഥാപാത്രങ്ങളെ വേണ്ടത്ര രീതിയില്‍ വളര്‍ത്തുന്നില്ലെന്നൊരു പരാതി തനിക്കുമുണ്ടെന്ന് ബാബു ആന്‍റണി പറഞ്ഞു. സിനിമയില്‍ നായക കഥാപാത്രങ്ങള്‍ക്കൊപ്പം വരുന്ന സഹനടന്‍മാരുടെ ഇടപെടല്‍ കൂടിപ്പോയാല്‍ അത് നായക കഥാപാത്രത്തെ ബാധിക്കുമോയെന്ന അനാവശ്യ ഭീതി നിലനില്‍ക്കുന്നുണ്ടെന്ന് ആര്‍ഡിഎക്സിലെ രംഗം ചൂണ്ടിക്കാട്ടി ബാബു ആന്‍റണി പറഞ്ഞു. സിനിമാ പ്രവര്‍ത്തകരുടെ സങ്കുചിത ചിന്താഗതിയും പക്വതയില്ലായ്മയുമാണ് ഇത്തരം ചിന്തകള്‍ക്ക് പിന്നില്‍. ഇത്തരം സംശയങ്ങളും ഭയവും പാടില്ലാത്തതാണെന്നും ബാബു ആന്‍റണി പറഞ്ഞു .

ആര്‍ഡിഎക്സില്‍ സ്ക്രിപ്റ്റ് അനുസരിച്ച് തന്‍റെ മൂന്നു മിനിറ്റ് ഫൈറ്റ് ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അവസാനമത് 9 സെക്കന്റ്സ് ആയി ചുരുങ്ങിപ്പോയി. ക്ലൈമാക്സ് തന്നെ വളരെ വലുതാണെന്നും തന്‍റെ മൂന്നുമിനിറ്റ് രംഗം ആവശ്യമില്ലെന്നും അണിയറക്കാര്‍ തീരുമാനിച്ചു. എന്നാല്‍ തന്നില്‍ നിന്നും പ്രേക്ഷകര്‍ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുമെന്നും രണ്ട് ബിറ്റ് കൂടി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. അതിന്‍റെ ആവശ്യമില്ലെന്നും ഇതുതന്നെ രോമാഞ്ചമുണ്ടാക്കുന്നതാണെന്നും ആയിരുന്നു മറുപടി. അതുകേട്ട് താന്‍ ഓകെ പറഞ്ഞു അതില്‍ക്കൂടുതല്‍ ഒന്നും പറയാന്‍ പറ്റില്ലല്ലോയെന്നും ബാബു ആന്‍റണി പറഞ്ഞു.

സിനിമയുടെ ആദ്യപകുതി വേദനയോടെയാണ് കണ്ടതെന്നും ബാബു ആന്‍റണി പറഞ്ഞു. തന്‍റെ കഥാപാത്രം വന്നുപോകുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലല്ലോയെന്ന് ആലോചിച്ചു. എന്നാല്‍ ക്ലൈമാക്സ് രംഗത്തിലെ തന്‍റെ പ്രകടനം കണ്ട് ആളുകള്‍ തിയറ്ററില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചത് സന്തോഷത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലാണ് താമസമെങ്കിലും സിനിമയില്‍ തലമുറമാറ്റം സംഭവിച്ചെങ്കിലും മലയാളി പ്രേക്ഷക മനസില്‍ തനിക്ക് ഇന്നും വലിയ സ്ഥാനമുണ്ടെന്ന് ബാബു ആന്‍റണി പറഞ്ഞു. ഇന്നും കിട്ടുന്ന നിറഞ്ഞ കയ്യടി ആരേയും അമ്പരപ്പിക്കുന്നതുമാണ്. രണ്ടാംവരവില്‍ ലഭിച്ചത് ആര്‍ഡിഎക്സ്, മദനോത്സവം പോലുള്ള മികച്ച സിനിമകളാണ്. പ്രേക്ഷകരുടെ സ്നേഹം നഷ്ടപ്പെട്ടിട്ടില്ലെന്നും കിട്ടുന്ന കയ്യടി ആത്മവിശ്വാസമേറ്റുന്നതാണെന്നും ബാബു ആന്‍റണി പറഞ്ഞു.

Babu Antony's Disappointment with RDX Climax Length:

Babu Antony RDX climax scene was shorter than he desired, and he expressed this desire multiple times to the filmmakers. He believed the audience expected a longer action sequence from him, but the creators felt it wasn't necessary.