വാഴ 2 റിലീസായതിന് പിന്നാലെ, ചിത്രത്തെപ്പറ്റി വൈറല്‍ കുറിപ്പുമായി കണ്ടന്‍റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍. ഇത്രയും ഇഴയടുപ്പമുള്ളൊരു സിനിമ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'പ്ലസ്‌ടുവിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രീഡിഗ്രിക്കാരാണ് ഞങ്ങൾ! യൂണിഫോം ഊരാതെ, ടൈയും ഐഡി കാർഡും കെട്ടി, സ്‌കൂളിന്റെ മണം മാറാത്ത ബാഗും തൂക്കി, രണ്ടുവർഷം കൂടി അതേ അച്ചടക്കത്തിലും അറ്റൻഷനിലും ജീവിക്കേണ്ടി വരുന്ന പ്ലസ്‌ടുക്കാരെ കുറിച്ചോർക്കുമ്പോൾ; ഇവർക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ലല്ലോ പിതാവേ എന്നു നൊമ്പരപ്പെട്ടിട്ടുണ്ട്. അഹങ്കാരത്തിന്റെ അതേ പ്രീഡിഗ്രി മാസ്സും മനസ്സും വെച്ചാണ് വാഴ 2 കാണാൻ പോയത്.

ഇത്രയും ഇഴയടുപ്പമുള്ളൊരു സിനിമ ഈ അടുത്തകാലത്തൊന്നും‌ കൺപാർത്തിട്ടില്ല! ഇറങ്ങുന്ന സിനിമകളെല്ലാം ഒന്നൊഴിയാതെ കാണുന്നുണ്ടെങ്കിലും, അതിനെക്കുറിച്ചൊന്നും എഴുതാനോ പോസ്റ്റാനോ തോന്നാറില്ല. എന്നാൽ വാഴ 2 കണ്ടപ്പോൾ, അതുണ്ടാക്കിയ ആനന്ദം എഴുതാതെ, നാലുപേരോട് വിളിച്ചുപറയാതെ പറ്റില്ലെന്നായി!. 

പണിയറിയാവുന്നവർ അറിഞ്ഞു പണിതിരിക്കുന്ന പഴുതടച്ചൊരു തിരക്കഥ. അതിനെ വെല്ലുന്ന അസാധ്യ മേക്കിങ്. എഡിറ്റിംഗാണോ കട്ടയ്ക്ക് കൂടെനിൽക്കുന്ന പശ്ചാത്തല സംഗീതമാണോ കൂടുതൽ മിന്നിച്ചിരിക്കുന്നത് എന്ന് വേർതിരിച്ചു പറയാൻ കഴിയാത്ത അത്രയും കിടു. മറ്റൊരാളെ അവരുടെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അഭിനയിച്ച് ആറാടിയിരിക്കുന്ന വാഴകൾ! ഇങ്ങനെയൊരു സിനിമയിൽ ഇത്തരം സീനുകൾ എങ്ങനെ ഇത്രയും ഓർഗാനിക്കായി കൊണ്ടുവന്നു എന്ന് അന്തംവിട്ടുപോകുന്ന അത്രയും ആഴത്തിലുള്ള മനുഷ്യർ. അവർക്കിടയിലെ ബന്ധങ്ങൾ, അതിനിടയിലെ പോറലുകൾ, പൊള്ളലുകൾ!. 

ബിജുക്കുട്ടനും സുധീഷും തുടങ്ങി പടത്തിലെ സകല വാഴകളും ചിരിപ്പിച്ചു പണ്ടാരമടക്കുന്ന, കരയിപ്പിച്ചു കണ്ണുകലക്കുന്ന, കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ഇത്തിരി ഈർപ്പം ബാക്കിയാക്കുന്ന രണ്ടാം വാഴ. അന്നത്തെ ആയിരം പ്രീഡിഗ്രിയാണ് ഗയ്‌സ്, ഇന്നത്തെ അര പ്ലസ്‌ടു!!.'– അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Vazha 2 has generated a viral post from content creator Shibu Gopalakrishnan, who praised the film for its exceptional depth and emotional resonance. He described it as a meticulously crafted screenplay with outstanding direction, acting, and technical elements that left a lasting impact.