ആദിത്യ ധർ സംവിധാനം ചെയ്ത് രണ്‍വീര്‍ സിംഗ് നായകനായെത്തിയ ദുരന്തര്‍; ദ റിവഞ്ച് സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് വലിയ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. രണ്ടാം ഭാഗം പോലെ തന്നെ സിനിമയുടെ ഒന്നാം ഭാഗവും വലിയ വിജയമായിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ട് ഭാഗവും ഉള്‍പ്പെടുത്തിക്കൊണ്ട് ഒറ്റ സിനിമയായി റലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഹോങ്കോങിലെ വിതരണക്കാര്‍. ഏകദേശം ഏഴര മണിക്കൂറോളമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം.
ഏപ്രില്‍ 12നാകും ചിത്രത്തിന്റെ റിലീസ്. ഇന്ത്യയിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം സ്‌ക്രീനുകളിലാവും ചിത്രമെന്നും പറയപ്പെടുന്നു. സിനിമയുടെ പ്രദർശനത്തിനിടയിൽ മൂന്ന് ഇടവേളകൾ ഉണ്ടായിരിക്കുമെന്ന് തിയേറ്റർ അധികൃതർ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ കട്ടുകളുള്‍പ്പടെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.
2025 ഡിസംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം 3 മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ 'ദുരന്തര്‍; ദ റിവഞ്ച്' 3 മണിക്കൂർ 49 മിനിറ്റ് നീളുന്നതായിരുന്നു.
ഈ രണ്ട് സിനിമകളും കൂടി ചേർത്ത് കണക്കാക്കിയാൽ ആകെ 7 മണിക്കൂർ 23 മിനിറ്റ് ദൈർഘ്യമുണ്ടാകും വരന്‍ പോകുന്ന ചിത്രത്തിന്. രൺവീർ സിംഗ് അവതരിപ്പിച്ച ജസ്‌കീരത് സിംഗ് രംഗി, ഹംസ അലി മസാരി എന്നീ രണ്ട് കഥാപാത്രങ്ങളുടെയും പൂർണ്ണമായ ജീവിതകഥയും അവരുടെ പോരാട്ടങ്ങളും ഒരൊറ്റ സിനിമയായി കാണാൻ ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് സാധിക്കും.
2026 ഏപ്രിലിലെ കണക്കുകൾ പ്രകാരം, 'ധുരന്ധർ 2: ദി റിവഞ്ച്' ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം 900 കോടി രൂപ നേടാനും ആഗോളതലത്തിൽ 1,400 കോടി രൂപയോടടുക്കാനും ചിത്രത്തിന് സാധിച്ചു.