ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി മടങ്ങിവരാനിരിക്കെയാണ് സംവിധായകൻ രഞ്ജിത്ത് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായത്. കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ ക്യാൻവാസിലുള്ള ചിത്രവുമായി തിയറ്ററുകളിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലായിരുന്നു രഞ്ജിത്ത്.
പൊലീസുകാരുടെ ജീവിതവും ഔദ്യോഗിക കൃത്യനിർവഹണവും പ്രമേയമാക്കിയുള്ളതാണത്രേ പുതിയ ചിത്രം. 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഐക്കോണിക് കഥാപാത്രം കാരിക്കാമുറി ഷൺമുഖനെ ഈ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തിക്കാനായിരുന്നു രഞ്ജിത്തിന്റെ ശ്രമം. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് വർമ്മയാണ്.
2018ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ഡ്രാമ'യാണ് രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പുറത്തു വന്ന അവസാന സിനിമ. മമ്മൂട്ടിയെ വെച്ച് 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന ലഘുചിത്രവും മഞ്ജു വാരിയരെ നായികയാക്കി 'ആരോ' എന്ന ഹ്രസ്വചിത്രവും മാത്രമാണ് ഈ കാലയളവിൽ രഞ്ജിത്ത് സംവിധാനം ചെയ്തത്. പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിലും കോട്ടയത്തുമായി പുരോഗമിക്കവെയാണ് രഞ്ജിത്ത് പീഡനക്കേസിൽ റിമാൻഡിലാകുന്നത്.
പഴയ കേസുകളിൽ നിന്ന് രഞ്ജിത്തിനെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കിയിട്ട് ആഴ്‌ചകളെ ആയിട്ടുള്ളൂ. പുതിയ ചിത്രവുമായി തിയറ്ററുകളിലേക്ക് മടങ്ങിവരാനുള്ള രഞ്ജിത്തിൻ്റെ ശ്രമങ്ങൾക്കാണ് പുതിയ കേസ് തിരിച്ചടിയായിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചു എന്നാണ് യുവനടിയുടെ പരാതി. മാനഭംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.