renu-sudhi

TOPICS COVERED

തന്നെ പറ്റി വരുന്ന റിയാക്ഷന്‍ വിഡിയോകള്‍ മാനസികമായി തകര്‍ക്കുന്നുവെന്ന് നടിയും അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. തനിക്ക് സമൂഹമാധ്യമങ്ങള്‍ തുറക്കാനാവുന്നില്ലെന്നും കേള്‍ക്കാവുന്നതിന്‍റെ അപ്പുറം കേട്ടുവെന്നും രേണു പറഞ്ഞു. ഈ സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും ആത്മഹത്യയെ പറ്റി ചിന്തിക്കുന്ന മാനസികാവസ്ഥയില്‍ എത്തിയെന്നും രേണു പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്. 

“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫെയ്സ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം. 

ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല,' രേണു പറഞ്ഞു. 

ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ പങ്കുവച്ച് കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകനും രംഗത്തെത്തിയിരുന്നു. സ്വന്തം വീട്ടില്‍ അനുഭവിക്കേണ്ടിവന്ന അവഗണനകളെ കുറിച്ച് കിച്ചു മനസ് തുറന്നിരുന്നു. അച്ഛന്‍റെ മരണശേഷം ലഹരിയിലേക്ക് തിരിഞ്ഞെന്നും പാടുപെട്ടാണ് പുതിയ ജീവിതം തുടങ്ങിയതെന്നും കിച്ചു പറഞ്ഞു. രേണുവുമായി പരിമിതമായ ബന്ധം മാത്രമാണുള്ളതെന്നും കിച്ചു പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Renu Sudhi, the actress and wife of late artist Kollam Sudhi, has expressed that reaction videos about her are mentally breaking her. She finds it difficult to open social media due to the overwhelming and hurtful comments she has received, pushing her to a point of suicidal thoughts.