തിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ ജനങ്ങളെ മനസിലാക്കാനുള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് താനെന്ന് തൃക്കാക്കാരയിലെ ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ. കഷ്ടപ്പെടുന്നവന്‍റെ വേദനയും രക്ഷപെട്ടവന്റെ നിലനിൽക്കാനുള്ള കഷ്ടപ്പാടും അറിയാവുന്നവനാണ് താനെന്നും അഖില്‍ തന്‍റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ. അവർക്ക് വേണ്ടി മാത്രമാണ് എഴുതുന്നത് എന്ന് കുറിച്ചാണ് അഖിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇന്ന് ആളുകള്‍ കാണുന്ന പോലെയല്ലായിരുന്നു തന്‍റെ ജീവിതമെന്നും അഖില്‍ പറയുന്നു. ഇന്ന് അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഢംബര വാഹനങ്ങൾ ഉണ്ട്. തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്. എന്നാല്‍ ഒരു കാലത്ത് അഖിലിന്‍റെ കൊട്ടാരം ഇതായിരുന്നുവെന്നും പഴയ വീടിന്‍റെ ഫോട്ടോ പങ്കുവച്ച് അഖില്‍ കുറിച്ചു. സിനിമ സംവിധായാകൻ ആകും മുൻപുള്ള ജീവിതമാണ് അഖില്‍ പങ്കുവച്ചത്. അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അനുജന്‍റെ കുട്ടികൾ അടങ്ങുന്ന കുടുംബ താമസിച്ചിരുന്നത് ഈ ഷെ‍ഡില്‍ ആയിരുന്നുവെന്നും ഇവിടെ നിന്നാണ് സിനിമാ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നതെന്നും അഖില്‍ കുറിച്ചു.

കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചിരുന്നുവെന്നും അഖില്‍ പറയുന്നുണ്ട്. ‘ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്. മരണത്തെ തോൽപ്പിച്ചു ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തിയേറ്ററിൽ പരാജയപ്പെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം’– അഖിലിന്‍റെ വാക്കുകള്‍.

‘റിയാലിറ്റി ഷോയില്‍ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല, പ്രേക്ഷകര്‍ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണ്. ഏതൊരുവനെയും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്’– അഖില്‍ എഴുതി. ആരെയും പറ്റിച്ചോ ചതിച്ചോ ഉണ്ടാക്കിയതല്ല ഇതെന്നും എല്ലാം തന്‍റെ കഴിവും, കഷ്ടപ്പാടും കൊണ്ട് നേടി എടുത്തതാണെന്നും അഖില്‍ പറയുന്നു. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും തന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണെന്നും അഖില്‍ കുറിച്ചു.

ENGLISH SUMMARY:

Akhil Marar, the Twenty20 candidate for the assembly election, shared a moving Facebook post detailing his journey from a small shed to becoming a film director and reality show winner. Responding to critics, Marar emphasized that his personal experience with poverty and survival makes him a better representative for the people. He shared photos of his old house and spoke about his struggles to support his family while chasing his dreams.