വിവാഹത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ലൗ ജിഹാദ് ആരോപണങ്ങളില്‍ പ്രതികരിച്ച് കുംഭമേള താരം മൊണാലിസയും ഫര്‍മാന്‍ ഖാനും. തങ്ങളുടെ പ്രണയം സത്യമുള്ളതാണെന്നും ലൗ ജിഹാദ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും ഫര്‍മാന്‍ ഖാന്‍ പറയുന്നു. വിവാഹത്തിനു വേണ്ടി മതം മാറിയിട്ടില്ലെന്നും മൊണാലിസ ഹിന്ദുവായും ഫര്‍മാന്‍ മുസ്ലിമായും തന്നെ തുടരുമെന്നും ഇരുവരും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പ്രചരണവും ശരിയല്ലെന്ന് ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പടെ ഹാജരാക്കി യുവദമ്പതികള്‍ വാദിച്ചു. മൊണാലിസയുടെ പിതാവും കേരളത്തിലുണ്ടായിരുന്നെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനോ മകളെ അനുഗ്രഹിക്കാനോ തയാറായിരുന്നില്ല. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് താല്‍പര്യമില്ലാത്തതിനാലാണ് ഫര്‍മാനൊപ്പം ഇറങ്ങിവന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നും മൊണാലിസ പറയുന്നു.
അരുമാനൂരിലെ അമ്പലത്തില്‍വച്ച് വിവാഹിതരായ ദമ്പതികള്‍ സര്‍ക്കാരിന്‍റെ കെ– സ്മാര്‍ട് വഴിയാണ് വിവാഹം റജിസ്റ്റര്‍ ചെയ്തത്. രേഖകളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുണ്ടെന്നും യുവദമ്പതികള്‍ പറയുന്നു. കേരളം നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ഇവിടെത്തന്നെ താമസമാക്കുന്ന കാര്യത്തില്‍ ആലോചനയിലാണെന്നും ഫര്‍മാന്‍ പറയുന്നു. പി. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’സിനിമയുടെ സെറ്റില്‍വച്ചാണ് ഫര്‍മാനും മൊണാലിസയും പ്രണയത്തിലായത്.
ചിത്രത്തിലെ നായികയാണ് മൊണാലിസ, വില്ലനായാണ് ഫര്‍മാന്‍ ഖാനെത്തുന്നത്. വിവാഹത്തെ പിന്തുണച്ച മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നന്ദി അറിയിച്ചാണ് ഇരുവരും വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കിയത്.
അതേസമയം ഈ വിവാഹത്തില്‍ തനിക്ക് കടുത്ത അതൃപ്തിയാണുള്ളതെന്ന് ഫര്‍മാന്‍റെ പിതാവ് ജാഫര്‍ അലി പറയുന്നു, മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതോടെ കുടുംബത്തില്‍ പല പ്രശ്നങ്ങളും സംഭവിച്ചേക്കുമെന്നും ജാഫര്‍ പറയുന്നു. ഫര്‍മാന്‍ ഈ വിവാഹത്തെക്കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല, മൊണാലിസയുടെ നാട്ടില്‍ ഇടക്കിടെ പോവാറുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു. ഉത്തര്‍പ്രദേശിലെ ബഗ്പത് സ്വദേശിയാണ് ഫര്‍മാന്‍.