കാത്തിരുന്ന ആ വിവാഹം ഹോളിവുഡ് ഒന്നാകെ മിസ് ചെയ്തോ? സിനിമാ ലോകത്ത് ഇന്ന് കേള്‍ക്കുന്ന ചോദ്യമിതാണ്. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ലോ റോച്ച് ആണ് അപ്രതീക്ഷിതമായി ആ ബോംബ് പൊട്ടിച്ചത്, സെന്‍ഡയയും ടോം ഹോളണ്ടും വിവാഹിതരായിരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്ടര്‍ അവാര്‍ഡ് റെഡ് കാര്‍പ്പറ്റില്‍ വച്ചാണ് ലോ റോച്ച് ഇക്കാര്യം ആക്സസ് ഹോളിവുഡിനോട് വെളിപ്പെടുത്തിയത്. "വിവാഹം ഇതിനോടകം കഴിഞ്ഞു, നിങ്ങൾ അത് മിസ് ചെയ്തു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തമാശയാണോ എന്ന ചോദ്യത്തിന്, താൻ ഗൗരവമായി തന്നെയാണ് പറയുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
വിവാഹം വളരെ സ്വകാര്യമാക്കാനാണ് ടോം ഹോളണ്ടിന്‍റേയും സെൻഡയയുടെയും തീരുമാനമെന്ന് കഴിഞ്ഞ വര്‍ഷവും ലോ റോച്ച് വെളിപ്പെടുത്തിയിരുന്നു. വിവാഹ വേഷത്തിൽ സെൻഡയയെ ആരും കാണാൻ സാധ്യതയില്ല. അത്രയേറെ രഹസ്യമായിരിക്കും. ഒരു വിവാഹ ഫോട്ടോ പോലും പുറത്തുവിടാനുള്ള സാധ്യതയില്ല എന്നാണ് ഹെയർ സ്റ്റൈലിസ്റ്റ് പറഞ്ഞത്. 2026 ൽ ആയിരിക്കും ടോം ഹോളണ്ടിൻറെയും സെൻഡയയുടെയും വിവാഹം എന്നും ലോ റോച്ച് അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം സെന്‍ഡയുടെ കയ്യില്‍ മോതിരം കണ്ടതോടെ ടോം നടിയെ പ്രൊപ്പോസ് ചെയ്തെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നുമുള്ള കംവദന്തികള്‍ പരന്നിരുന്നു. പിന്നാലെ സെന്‍ഡയയെ ടോം തന്‍റെ പ്രതിശ്രുത വധുവായി വിശേഷിപ്പിതോടെ ആരാധകര്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തെ പറ്റി ഒരു സൂചന പോലും പുറത്തുവന്നിരുന്നില്ല. അതിനിടയ്ക്കാണ് ഹെയര്‍ സ്റ്റൈലിസ്റ്റിന്‍റെ അപ്രതീക്ഷിത വെളിപ്പെടുത്തലുമുണ്ടായത്.
2017 ൽ ആണ് ടോം ഹോളണ്ടും സെൻഡയയും സ്പൈഡര്‍മാന്‍ ഹോം കമ്മിങ് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചത്. അതിനുശേഷം ഇരുവരും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങളുണ്ടായെങ്കിലും 2021 ൽ ആണ് ഇവര്‍ പ്രണയം സ്ഥിരീകരിച്ചത്. സ്പൈഡര്‍മാന്‍റെ തുടര്‍ച്ചയായി വന്ന ചിത്രങ്ങളിലും സെന്‍ഡയയും ടോമും ഒരുമിച്ചിരുന്നു. ദി ഒഡീസി, സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ എന്നിവയാണ് ഇനി താരങ്ങള്‍ ഒന്നിക്കുന്ന പുതിയ ചിത്രങ്ങള്‍.