സർവം മായ സൂപ്പർ ഹിറ്റടിച്ചപ്പോൾ പിതാവ് സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് മകൻ അഖിൽ സത്യൻ. വോൾവോ എക്സ് സി 60 എന്ന വാഹനമാണ് അഖിൽ പിതാവിന് സമ്മാനമായി നൽകിയിരിക്കുന്നത്. കൊച്ചിയിലെ വോൾവോ വിതരണക്കാരിൽ നിന്ന് പുതിയ എക്സ്‌സി 60 സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്‍യുവികളിലൊന്നായ എക്സ്‌സി 60ന്റെ എക്സ്ഷോറൂം വില 68 ലക്ഷം രൂപയാണ്.
വോൾവോ എക്സ് സി 60ന്റെ ഏറ്റവും പുതിയ തലമുറ ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വോൾവോയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് എക്സ്‌സി 60. പുതുക്കിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയിൽലാമ്പുകൾ, പുതിയ അലോയി വീലുകൾ, പുതിയ പിൻ ബമ്പർ എന്നിവയുണ്ട് ഈ മോഡലിൽ.
പുതിയ ട്രിം ഇൻസേർട്ടുകൾക്കൊപ്പം വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മസാജ് ഫംഗ്ഷനോടു കൂടിയ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ബോവേഴ്‌സ് & വിൽക്കിൻസ് ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, 360 -ഡിഗ്രി ക്യാമറകൾ എന്നിവയുണ്ട്.