TOPICS COVERED

പുകയിലയുടെ പരസ്യത്തിനായി വാഗ്ദാനം ചെയ്ത 40 കോടി രൂപ നിരസിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. താൻ വിശ്വസിക്കാത്ത ഒന്നും പ്രൊമോട്ട് ചെയ്യാൻ താല്പര്യമില്ലെന്ന് സുനിൽ ഷെട്ടി പറഞ്ഞു. പീപ്പിങ് മൂൺ എന്ന പോഡ്‌കാസ്റ്റിലാണ് പുകയില ബ്രാൻഡ് പരസ്യത്തിൽ അഭിനയിക്കാൻ വലിയ തുക വാഗ്ദാനം ചെയ്തിട്ടും എന്തുകൊണ്ട് അത് ചെയ്തില്ലെന്ന് സുനിൽ ഷെട്ടി വെളിപ്പെടുത്തിയത്.

പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മന:സാക്ഷിയോടും ചെയ്യുന്ന അനീതി

സിനിമയിലെത്താൻ കാരണം തന്‍റെ ആരോഗ്യമാണെന്നും അതിനാൽ തന്‍റെ ശരീരത്തെ ഒരു ആരാധനാലയമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

‘പുകയില പരസ്യത്തിനായി എനിക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തു. ഞാൻ അവരെ നോക്കി ചോദിച്ചു, ഞാൻ ഇതിൽ വീണുപോകുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? പണം ആവശ്യമുണ്ടെങ്കിൽപ്പോലും ഞാനങ്ങനെ ചെയ്യില്ല. ഞാൻ വിശ്വസിക്കാത്ത ഒന്നും ചെയ്യില്ല.

പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മന:സാക്ഷിയോടും ചെയ്യുന്ന അനീതിയാകും. സിനിമയുടെയോ ബോക്സ് ഓഫീസ് കളക്ഷന്റെയോ കാര്യത്തിൽ ഞാന്‍ പ്രസക്തനല്ലായിരിക്കാം. എന്നാൽ 17 മുതൽ 20 വയസ്സുവരെയുള്ള യുവാക്കൾ നൽകുന്ന സ്നേഹവും ബഹുമാനവുമാണ് എനിക്ക് വലുത്’, സുനിൽ ഷെട്ടി പറഞ്ഞു.

അക്ഷയ് കുമാറും അജയ് ദേവ്ഗണും നേരത്തേ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചപ്പോൾ വലിയ തോതിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

Suniel Shetty refused a 40 crore offer to promote a tobacco brand. He stated that he wouldn't promote anything he doesn't believe in and values the respect of young people over money.